മെഡിക്കൽ കോളേൽ പുതിയ ക്രമീകരണം.... ഉറ്റവരെ കാണാൻ വരുന്നവർ വലയും
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏർപ്പെടുത്തിയ ക്രമീകരണം രോഗീ സന്ദർശകരെ വലയ്ക്കുന്നു. ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്ന് ഉറ്റവരെ കാണാൻ വരുന്നവർക്കാണ് കൂടുതൽ ദുരിതം. കഴിഞ്ഞ ദിവസം മുതൽ പാസ് നൽകുന്ന കൗണ്ടറിൽ കമ്പ്യൂട്ടർവത്കരണം നടത്തിയിരുന്നു. പാസെടുക്കാൻ ക്യൂവിൽ നിൽക്കുന്നവർക്ക് രോഗിയുടെ പേര്, വാർഡ്, ഐ.പി നമ്പർ, ഫോൺ നമ്പർ എന്നിവ അറിഞ്ഞിരിക്കണം. തുടർന്ന് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷമാണ് പാസ് നൽകുക. ഒരാൾക്ക് മൂന്ന് പാസ്. 10 രൂപയാണ് നിരക്ക്. ഒരു രോഗിയുടെ പേരിൽ മൂന്ന് സന്ദർശകർ പാസെടുത്ത് വാർഡിലേക്ക് പോയാൽ, ഒരു മണിക്കൂർ കഴിഞ്ഞേ മറ്റുള്ളവർക്ക് പാസ് നൽകൂ. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് പാസ് വിതരണം.
5 പേരെത്തിയാൽ 2 പേർ കാത്തിരിക്കണം
രോഗിയെ കാണാൻ അഞ്ച് ബന്ധുക്കൾ ഒരുമിച്ചെത്തിയാൽ മൂന്നുപേർക്ക് മാത്രമെ പാസ് ലഭിക്കൂ. ഇവർ കണ്ട് പുറത്തിറങ്ങിയാലേ 2 പേർക്ക് പാസ് ലഭിക്കൂ. ഈ സമയം ഇതേ രോഗിയെ കാണാൻ മറ്റാരെങ്കിലും എത്തി പാസ് എടുക്കുന്ന ക്യൂവിന്റെ മുൻനിരയിൽ ഇടം പിടിച്ചാൽ വീണ്ടും കുഴയും. ഇത്തരത്തിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തി രോഗിയെ കണ്ട് വേഗം തിരിച്ചു പോകാമെന്നു കരുതിയവരാണ് ബുദ്ധിമുട്ടിലാകുന്നത്. പുതിയ ക്രമീകരണം ഏർപ്പെടുത്തിയതോടെ പാസ് കൗണ്ടറിന് മുന്നിൽ വൻ നിരയാണ്.
എല്ലാവിവരവും അറിയണം
രോഗിയുടെ പേരും വാർഡും മാത്രമേ സന്ദർശകർക്ക് അറിയൂ
ഐ.പി നമ്പരോ, ഫോൺ നമ്പരോ അറിയാൻ സാധിക്കില്ല
ഇത് അറിയാത്ത ബന്ധുക്കൾ പാസ് കിട്ടാൻ ബുദ്ധിമുട്ടും
''ഒരു സമയം മൂന്നു സന്ദർശകർക്ക് മാത്രമെ പ്രവേശന പാസ് നൽകൂയെന്ന അധികൃതരുടെ നടപടി പുന:പരിശോധിക്കണം. മണിക്കൂറുകൾ കാത്തുനിന്നിട്ടും പലരും രോഗികളെ കാണാതെ തിരിച്ചുപോകുന്ന സ്ഥിതിയുണ്ടാക്കരുത്.
-രമേശ്, ഇടപ്പള്ളി