വളർത്തുനായ്ക്കളെ തെരുവിൽ തള്ളുന്നവരെ വെറുതെ വിടരുത്
കോട്ടയത്ത് കാൽനടയാത്രക്കാരായ 11 പേരെ കടിച്ചു കുടഞ്ഞ നായ പേബാധിച്ച് ചത്തതിന്റെ ഞെട്ടലിലാണ് ചുറ്റുവട്ടം. പേ വിഷബാധയ്ക്കെതിരെ തെരുവു നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാക്കിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴാണ് ഇത്തരം വാർത്തകൾ പുറത്തു വരുന്നത്. കടിച്ചത് തെരുവ് നായ അല്ല. തെരുവിൽ ഉപേക്ഷിച്ച ആരുടെയോ വളർത്തു നായ എന്നാണ് അധികൃതർ പറയുന്നത്. അരുമയായി വീട്ടിൽ വളർത്തുന്ന നായയെ അവശതയാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്നവർ ആരാണെങ്കിലും അവർക്കെതിരെ കർശന നടപടി എടുക്കണം.
ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായയുടെ കഴുത്തിൽ ബെൽറ്റുണ്ടായിരുന്നു. വീട്ടിൽ പരിലാളനവും കൃത്യമായി ആഹാരവും നൽകിവരുന്ന വളർത്തു നായയ്ക്ക് എന്തെങ്കിലും അസുഖമോ ആരോഗ്യപ്രശ്നമോ ഉണ്ടായി ചികിത്സിച്ചിട്ടും ഫലമില്ലെന്ന് കാണുമ്പോൾ ആരുമറിയാതെ അർദ്ധരാത്രി തെരുവിൽ ഉപേക്ഷിച്ച് കടന്നു കളയും. മറ്റു തെരുവ്നായ്ക്കളുടെ ആക്രമണവും ആഹാരം കൃത്യമായി കിട്ടാതെ വരികയും ചെയ്യുന്നതോടെ തെരുവിൽ ഉപേക്ഷിച്ച വളർത്തു നായ്ക്കൾ അക്രമകാരികളായി മാറും.
വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് നിയമപരമായി കുറ്റമാണ്. മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കി ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാം. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നത് നിർബന്ധമാണെങ്കിലും പലരും കൃത്യമായ ഇടവേളകളിൽ എടുക്കാറില്ല. ഉപേക്ഷിക്കുന്ന മൃഗം പട്ടിണി ,വേദന എന്നിവയാൽ കഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിൽ പിഴയും അഞ്ചു വർഷം തടവും ശിക്ഷയായി ലഭിക്കാം. മൃഗത്തിന്റെ ആക്രമണം മൂലമുണ്ടാകുന്ന സംഭവങ്ങളുടെ ഉത്തരവാദി ഉടമ തന്നെയായിരിക്കും. ആക്രമണത്തിന്റെ തോതനുസരിച്ച് ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാം. ഇത്തരം കടുത്ത നടപടികളിലേക്ക് കടക്കണമെന്നാണ് ആവശ്യം.
കടിക്കുന്ന നായ്‌ക്കൾക്കെല്ലാം പേവിഷബാധയെന്ന് സ്ഥിരീകരിക്കുന്നതോടെ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ ആശുപത്രിയിൽ ക്യൂ നിൽക്കുന്ന നാട്ടുകാർക്ക് കുത്തിവയ്പ്പ് എടുത്തവർക്കും പേവിഷബാധയേൽക്കുന്നതിനാൽ മരുന്നിന്റെ ഫലപ്രാപ്തിയിലും അത്രവിശ്വാസം പോര. ഇതിനു തക്ക എന്തു തെറ്റാണ് തങ്ങൾ ചെയ്തതെന്ന തെരുവ് നായ്ക്കളുടെ കടിയേറ്റ് ചോര ഒലിപ്പിക്കുന്നവരുടെ ചോദ്യത്തിന് ആരു മറുപടി പറയും?