ഒന്നാമനായി ലോക 275 കോടി കടന്നു
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി ലോക: ചാപ്ടർ 1 കുതിപ്പ് തുടരുന്നു. മോഹൻലാൽ ചിത്രമായ എമ്പുരാൻ ലോക വ്യാപകമായി നേടിയ ലൈഫ് ടൈം ഗ്രോസ് കളക്ഷനായ 266.3 കോടി രൂപ 24 ദിവസം കൊണ്ട് മറികടന്നാണ് ലോക പുതിയ ചരിത്രം കുറിക്കുന്നത്. 25 ദിവസം പിന്നിട്ട ലോക 275 കോടി ആഗോള കളക്ഷൻ നേടി . കേരളത്തിൽ നിന്ന് മാത്രം ലോക: 100 കോടിയോളം കളക്ട് ചെയ്തു . കേരളത്തിലും ഓവർസീസിലും 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാള സിനിമയാകാനൊരുങ്ങുകയാണ് ലോക. നാളെ ലോക വ്യാപകമായി ലോക: 300 കോടി പിന്നിടുമെന്നാണ് സൂചന.തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് 'ലോക" സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്ടർ വൺ:ചന്ദ്ര" ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്നു.കല്യാണി പ്രിയദർശന്റെ കരിയറിൽ വഴിത്തിരിവ് ആകുകയാണ് ലോക. ഓണം റിലീസുകളായ ഹൃദയപൂർവ്വം , ഓടുംകുതിര ചാടും കുതിര, എന്നീ ചിത്രങ്ങൾ അടുത്ത ദിവസം മുതൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ ലോകയുടെ ഒ.ടി.ടി സ്ട്രീമിംഗ് ഉടൻ ഉണ്ടാകില്ല. മലയാള സിനിമയിൽ 300 കോടി നേടുന്ന ആദ്യ സിനിമയായി ലോക മാറുമോയെന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. പി.ആർ.ഒ- ശബരി.