ആര്യൻഖാന്റെ സീരിസിൽ നായികയ്ക്ക് ശബ്ദമായി അമൃത സുരേഷ്
ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാന്റെ സംവിധാന സംരംഭമായ ദ ബാഡ്സ് ഒഫ് ബോളിവുഡിൽ നായിക സഹേർ ബംബയ്ക്ക് ശബ്ദം നൽകി ഗായിക അമൃത സുരേഷ്. ഇതാദ്യമായാണ് അമൃത സുരേഷ് ശബ്ദം നൽകുന്നത്. ഇതിന്റെ സന്തോഷം വീഡിയോ പങ്കുവച്ച് അമൃത സുരേഷ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ''എന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ല. ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ ആദ്യ ചുവടുവയ്പ്. അതും ആര്യൻഖാൻ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സിന്റെ പുതിയ വെബ് സീരിസായ ബാഡ്സ് ഒഫ് ബോളിവുഡിലെ നായികയ്ക്കുവേണ്ടി. ഇത് എന്റെ സ്വപ്നസാക്ഷാത്കാരമാണ്. ഞാൻ ആത്മാർത്ഥമായി ഇതിനായി കഠിനാദ്ധ്വാനം ചെയ്തു. എല്ലാവരും ഇതു കാണുകയും എന്റെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നുവെന്ന് അറിയിക്കുകയും ചെയ്യണം. നിങ്ങളുടെ സ്നേഹവും അഭിപ്രായങ്ങളും എനിക്ക് വളരെ വലുതാണ്. അമൃതയുടെ വാക്കുകൾ. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ലക്ഷ്യ ആണ് നായകൻ. ബോളിവുഡ് ലോകത്തെ ചുറ്റിപ്പറ്റിയാണ് സീരിസിന്റെ കഥ.