ദൃശ്യം 3 ഇന്ന് മുതൽ തൊടുപുഴയിൽ
മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ദൃശ്യം 3 യുടെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിക്കും. ഇന്നു തന്നെ മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച് തുടങ്ങും. ദൃശ്യം 3 ൽ ജോയിൻ ചെയ്ത ശേഷം ദാദാ സാഹേബ് പുരസ്ക്കാരം ഏറ്റുവാങ്ങാൻ മോഹൻലാൽ ഡൽഹിയിലേക്ക് തിരിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ദൃശ്യം 3 യുടെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് പ്ലാൻ. താര നിർണ്ണയം പൂർത്തിയായി വരുന്നു. 2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങി നിശബ്ദമായി എത്തിയ ചിത്രം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റായി മാറി. പിന്നീട് എട്ടുവർഷത്തിന് ശേഷം 2021ലാണ് ആമസോൺ പ്രൈമിലൂടെ രണ്ടാം ഭാഗം എത്തിയത്. മൂന്നാംഭാഗം മാർച്ചിൽ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.