ജി.എസ്.ടി പരിഷ്കാരം ഇന്ന് പ്രാബല്യത്തിൽ ലളിതം, പൗരകേന്ദ്രീകൃതം പരോക്ഷ നികുതി രീതി
ജി.എസ്.ടി പരിഷ്കരണ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരുമ്പോൾ, പരിഷ്കരണം സാധാരണ ജനങ്ങളെയും സംസ്ഥാന സർക്കാരുകളെയും എങ്ങനെയാവും ബാധിക്കുക എന്നതിനെക്കുറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യമാകെ വിപുലമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. 18 ശതമാനം എന്ന സ്റ്റാൻഡേർഡ് നിരക്കും അഞ്ചു ശതമാനം എന്ന മെറിറ്റ് നിരക്കും അടങ്ങുന്ന രണ്ട് തലങ്ങളിലുള്ള നിരക്ക് ഘടനയാണ് പൊതുവെ ബാധകമാവുക. അതേസമയം, തിരഞ്ഞെടുക്കപ്പെട്ട ചരക്കുകൾക്കും സേവനങ്ങൾക്കും 40 ശതമാനം പ്രത്യേക ഡീ- മെറിറ്റ് നിരക്ക് ബാധകമായിരിക്കും. പുകയില ഉത്പന്നങ്ങൾ ഒഴികെയുള്ള എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളിലെ പരിഷ്‌ക്കാരങ്ങളാണ് ഇന്ന് നിലവിൽ വരുന്നത്.
ജി.എസ്.ടി പരിഷ്കാരം വരുമാന വർദ്ധനവിനൊപ്പം നികുതി സമ്പ്രദായത്തിലെ സങ്കീർണ്ണതകൾ ക്രമാനുഗതമായി കുറയ്ക്കും. 2017 ന്റെ തുടക്കത്തിൽ 14.4 ശതമാനമായിരുന്ന ഇഫക്ടീവ് വെയ്റ്റഡ് ആവറേജ് (അനുഭവവേദ്യമാകുന്ന ശരാശി നികുതി നിരക്ക്) 2019 സെപ്റ്റംബറോടെ 11.6 ശതമാനമായി കുറഞ്ഞു. സ്ലാബ് ഏകീകരണവും അടിസ്ഥാന നിരക്ക് ബാധകമാകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിപുലീകരണവും ഉറപ്പാക്കുന്ന നിലവിലെ പരിഷ്‌കാരങ്ങളോടെ ഇത് ഏകദേശം 9.5 ശതമാനമായി കുറയുമെന്നാണ് പ്രവചനം.
28 ശതമാനം സ്ലാബ് നിർത്തലാക്കിയതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സാധാരണ ചരക്കുകൾ 12 ശതമാനം നിരക്കിൽ താഴുകയും, ആഡംബര വസ്തുക്കൾക്കുള്ള നികുതി 40 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഈ പുനഃക്രമീകരണം ഏകദേശം 48,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, ഉപഭോക്തൃ- ഉത്പാദക മൊത്ത മിച്ചം (Deadweight losses), അനുവർത്തന പ്രോത്സാഹനങ്ങൾ, ശക്തമായ ഉപഭോഗ പ്രവണതകൾ എന്നിവ അടക്കമുള്ള വിശാലമായ സാമ്പത്തിക നേട്ടങ്ങൾ ഹ്രസ്വകാല വരുമാനത്തിലെ ഇടിവ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ, വരുമാനം കുറയുമെന്ന ആശങ്കയും പ്രചാരണവും തെറ്റാണ്.
ഈ പരിഷ്‌കാരങ്ങൾ തുടക്കത്തിലേ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കിടലിനെ സംബന്ധിച്ചിടത്തോളം ഭേദഗതികളുടെ ഒരു നീണ്ട ചരിത്രമുണ്ട്. 2000-ലെ ഭരണഘടനാ (എൺപതാം ഭേദഗതി) നിയമം, സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന കേന്ദ്ര നികുതികൾ പുനർനിർവചിച്ചു. ഈ ഭേദഗതിക്കു മുമ്പ്, ആദായനികുതിയും കേന്ദ്ര എക്സൈസ് തീരുവകൾ പോലുള്ള നിർദ്ദിഷ്ട നികുതികളും മാത്രമേ സംസ്ഥാനങ്ങളുമായി പങ്കിട്ടിരുന്നുള്ളൂ. മേൽപ്പറഞ്ഞ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികൾ ഏകീകരിക്കപ്പെട്ടു.
2016-ലെ ഭേദഗതി എക്സൈസ് തീരുവ, സേവന നികുതി, വില്പന നികുതി, പ്രവേശന നികുതി, വിനോദ നികുതി തുടങ്ങിയ വിവിധ കേന്ദ്ര, സംസ്ഥാന നികുതികളെ ജി.എസ്.ടിയിൽ ലയിപ്പിച്ചു. നിയമപ്രകാരം, ഒരു സംസ്ഥാനത്തിനുള്ളിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന് കേന്ദ്രം, കേന്ദ്ര ജി.എസ്.ടി (CGST) ചുമത്തുകയും സംസ്ഥാനങ്ങൾ, സംസ്ഥാന ജി.എസ്.ടി (SGST) ചുമത്തുകയും ചെയ്യും. IGST- യെ സംബന്ധിച്ചിടത്തോളം, കേന്ദ്രം ഇത് ശേഖരിക്കുകയും ഇൻപുട്ട് ക്രെഡിറ്റ് വിനിയോഗത്തിനായി സംസ്ഥാനങ്ങളുമായി പങ്കിടുകയും ചെയ്യും. ശേഷിക്കുന്ന തുക 50:50 അഡ്-ഹോക്ക് അടിസ്ഥാനത്തിൽ വിതരണം ചെയ്യും.
CGST, SGST, IGST എന്നിവയുമായി ബന്ധപ്പെട്ട നിരക്കുകൾ ജി.എസ്.ടി കൗൺസിൽ ശുപാർശ ചെയ്യുന്നു. CGST, SGSTഎന്നിവയ്‌ക്ക് നികുതി നിരക്കുകൾ 20 ശതമാനം കവിയാൻ പാടില്ല. ജി.എസ്.ടിയിലേക്ക് മാറുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് നഷ്ടപരിഹാര സംവിധാനം രൂപകല്പന ചെയ്തതും അത്തരമൊരു പുനഃസംഘടനയിൽ നിർണായകമായി മാറി (സംസ്ഥാനങ്ങൾക്ക് കണക്കാക്കിയ വരുമാന നഷ്ടത്തേക്കാൾ ഏകദേശം 63,000 കോടി രൂപ കൂടുതൽ ലഭിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്).
പരിഷ്‌കാരം
നേട്ടമാകും
ഒന്നാമതായി, അവശ്യവസ്തുക്കളുടെ- പ്രത്യേകിച്ച് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും- നികുതി നിരക്കുകൾ 12-ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചതിനാൽ കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ഈ ഇളവ് ചില്ലറ വില്പന വിലകൾ കുറയ്ക്കുകയും, ഈ വിഭാഗങ്ങളിലെ പണപ്പെരുപ്പ നിരക്ക് 25- 30 ബേസിസ് പോയിന്റുകൾ ഇടിയാൻ കാരണമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടാമതായി, 48,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന വ്യാഖ്യാനം യുക്തിസഹമല്ല. നികുതി ഇളവുകൾ യഥാർത്ഥ വരുമാനം മെച്ചപ്പെടുത്തുകയും ക്രയവിക്രയം വർദ്ധിപ്പിക്കുകയും ചെയ്യും. ഏകദേശം 1.1 ലക്ഷം കോടിയുടെ ഉപഭോഗ വർദ്ധനവിന് ഇത് കാരണമാകും.
മൂന്നാമതായി, അനിശ്ചിതത്വങ്ങളില്ലാത്തതും മുൻകൂട്ടി പ്രവചിക്കാവുന്നതുമായ നികുതി ഘടനയുടെ പ്രധാന ഗുണഭോക്താക്കൾ ബിസിനസ് സ്ഥാപനങ്ങളാണ്. സ്ലാബുകൾ കുറയുന്നതോടെ ചരക്കുകളുടെയും സേവനങ്ങളുടെയും വർഗീകരണം സംബന്ധിച്ച തർക്കങ്ങളും വ്യവഹാരങ്ങളും കുറയും. കൂടുതൽ കാര്യക്ഷമമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഫ്ലോകളിലൂടെ പ്രവർത്തന മൂലധന മാനേജ്മെന്റ് സുഗമമാവും.
നാലാമതായി, ധനകാര്യ രംഗത്ത്, ധനക്കമ്മി മൂലമുള്ള ആഘാതം വളരെ കുറവായിരിക്കും. നിരക്കുകൾ കുറയുമ്പോഴും, നികുതി അടിത്തറ വിപുലമാകുന്നതും, ന്യൂനതകൾ പരിഹരിക്കുന്നതും, കാര്യക്ഷമമായ അനുവർത്തനവും നികുതി ഇളവ് മെച്ചപ്പെടുത്തും. കാര്യക്ഷമമായി രൂപകല്പന ചെയ്ത ഒരു നികുതി സംവിധാനം വരുമാന നഷ്ടമില്ലാതെ കാര്യക്ഷമതയും സമത്വവും കൈവരിക്കാൻ സഹായകമാകും.
അഞ്ചാമതായി, ബാങ്കിംഗിലെ പലിശയിതര ചെലവുകൾ കുറയും. പ്രവർത്തന ചെലവ് കുറയുന്നതിലൂടെ ലാഭക്ഷമത മെച്ചപ്പെടുകയും, ബാങ്കുകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും സേവനം വിപുലീകരിക്കുന്നതിനും ഉത്പന്നങ്ങൾ നവീകരിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. പോളിസികൾക്കുള്ള ചെലവ് കുറയുന്നത് ഇൻഷ്വറൻസ് കമ്പനികൾക്ക് പ്രയോജനം ചെയ്യും.
(പതിനാറാം ധനകാര്യ കമ്മിഷൻ അംഗവും, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)