കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
കാട്ടാക്കട: നെയ്യാർ ഫോറസ്റ്റ് റേഞ്ചിൽ ക്ലാമല ഒന്നിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക്. വനംവകുപ്പ് താത്കാലിക ജീവനക്കാരനായ നെയ്യാർ ഡാം മരക്കുന്നം രാജി നിവാസിൽ അനീഷി(39)നാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. നെയ്യാർ ഡാമിലേക്ക് ആനനിരത്തിയിലെ ക്യാമ്പ് ഷെഡിൽ നിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് അനീഷും സഹപ്രവർത്തകൻ ഉദയകുമാറും മടങ്ങവെയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമിച്ചത്. വഴിയിൽ ആനയെക്കണ്ട് ബൈക്ക് നിറുത്തിയതും ആന ഇവർക്ക് നേരെ പാഞ്ഞടുത്തു. ഇതിനിടെ ഉദയകുമാർ പിന്തിരിഞ്ഞ് ഓടുകയും ആന പിന്നാലെ പായുകയും ചെയ്തു. പെട്ടെന്ന് വശത്തേക്കോടിയ അനീഷിനെ കണ്ടതോടെ ആന അനീഷിന് പുറകെ പാഞ്ഞു. ഇതിനിടെ അനീഷ് അടി തെറ്റി വീണതോടെ ആന തുമ്പിക്കൈ കൊണ്ടടിച്ചു. അനീഷ് എണീറ്റ് ഓടാൻ ശ്രമിക്കുന്നതിനിടെ കാട്ടുചെടികളാൽ മറഞ്ഞ കുഴിയിലേക്ക് വീണു. ഇതോടെ ആന ബൈക്ക് ഇരുന്ന ഭാഗത്തേക്ക് പോയി ബൈക്ക് പൂർണമായും തകർത്തു. ഒടുവിൽ കാട്ടിനുള്ളിലേക്ക് മടങ്ങി.തുടർന്ന് ഉദയകുമാർ തിരികെയെത്തി അവശനായ അനീഷിനെ കിലോമീറ്ററുകളോളം തോളിൽ ചുമന്ന് സുരക്ഷിത സ്ഥലത്തെത്തിച്ച ശേഷം വനംവകുപ്പിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി വെള്ളറട ആനപ്പാറ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ശേഷം കാട്ടാക്കട ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന നിരത്തി ഭാഗത്ത് മുൻപും ഇത്തരത്തിൽ ആനയുടെ ആക്രമണം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. മൂന്നു മാസങ്ങൾക്ക് മുൻപും വനംവകുപ്പ് ജീവനക്കാരനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തിരുന്നു. ഇതേ ഭാഗത്താണ് തമിഴ്നാട് സ്വദേശിയായ മധു ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.