മങ്കയത്ത് കുരങ്ങുകൾ കൂട്ടത്തോടെ ചത്തു

Monday 22 September 2025 1:54 AM IST

പാലോട്: മങ്കയം ഇക്കോ ടൂറിസം ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യവസ്തുവിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു.പത്തിലധികം കുരങ്ങുകളാണ് ഇതുവരെ ചത്തത്. ധാരാളം കുരങ്ങുകൾ അവശനിലയിൽ പ്രദേശത്തെ മരങ്ങളിലുണ്ട്. തീരെ അവശനിലയിലായ കുരങ്ങുകൾ വായിൽ നിന്നും നുരയും പതയും വന്നാണ് പിടഞ്ഞ് മരിക്കുന്നത്. പാലോട് ഫോറസ്റ്റ് ആർ.ആർ.ടി ടീം സംഭവസ്ഥലത്തെത്തി ചത്ത കുരങ്ങുകളെയും അവശനിലയിൽ വീണ് കിട്ടിയ കുരങ്ങുകളേയും പെരിങ്ങമ്മല ഫോറസ്റ്റ് ഓഫീസിലെത്തിച്ചുവെങ്കിലും എല്ലാം ചത്തു. ഇത്രയും കുരങ്ങുകൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ അറിയാൻ കഴിയൂവെന്ന് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രൻ പറഞ്ഞു. ആരെങ്കിലും വിഷം നൽകിയതാണോ അതോ അസുഖബാധിതരായി ചത്തതാണോയെന്ന് അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.