അധിക സ്റ്റോപ്പ് കാത്ത് ചേർത്തല, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾ

Monday 22 September 2025 1:28 AM IST

ആലപ്പുഴ: ചേർത്തല, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകളോടുള്ള അവഗണന അവസാനിപ്പിച്ച് അധിക ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെന്നൈ -തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി-അമൃതസർ എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പർ എ.സി എക്‌സ്പ്രസ്, കൊച്ചുവേളി-ചണ്ഡീസ്ഗഡ് സമ്പർക്ക ക്രാന്തി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് ചേർത്തല സ്റ്റേഷനിലും, എറണാട് എക്‌സ്പ്രസ്, ഇന്റർസിറ്റി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് മാരാരിക്കുളം സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. എറണാകുളം ജില്ലയോട് ചേർന്ന് കിടക്കുന്ന റെയിൽവെ സ്റ്റേഷനുകളായ ഇവിടങ്ങളിൽ പ്രതിദിനം നിരവധി യാത്രക്കാരാണ് മതിയായ ട്രെയിന്‍ സർവീസ് ഇല്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്. കാർത്ത്യായനി ക്ഷേത്രം, അർത്തുങ്കൽ പള്ളി പോലുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും നിരവധി വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളുമുണ്ട്. ഇവിടങ്ങളിലെത്തുന്നവർക്ക് പ്രയോജനപ്രദമായ രീതിയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. കയർ തൊഴിലാളികൾ, മത്സ്യതൊഴിലാളിൾ, കർഷകർ തുടങ്ങിയവർ ധാരാളമായി താമസിക്കുന്ന പ്രദേശത്തെ പ്രധാന ആശ്രയ കേന്ദ്രമാണ് ഈ റെയിൽവെ സ്റ്റേഷനുകൾ. യാത്രക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.വേണുഗോപാൽ എം.പി കഴിഞ്ഞദിവസം റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.