വെങ്കലനാട്ടിൽ പത്രത്താൾ നിലവിളക്കുമായി ആൻമരിയ

Monday 22 September 2025 1:28 AM IST

മാന്നാർ: വെങ്കലനാടിന്റെ പെരുമ നിറഞ്ഞ് നിൽക്കുന്ന മാന്നാറിൽ പത്രത്താളുകൾ ഉപയോഗിച്ച് നിർമ്മിച്ച നിലവിളക്ക് ശ്രദ്ധേയമാവുന്നു.പാഴ് വസ്തുക്കളിൽ കൗതുകം വിരിയിക്കുന്ന മാന്നാർ കുരട്ടിക്കാട് കുമാർ വിലാസത്തിൽ കുമാറിന്റെ ഭാര്യ ആൻമരിയ സേവ്യർ ആണ് പത്രത്താളുകളിൽ വിസ്മയം തീർക്കുന്നത്. ലോക് ഡൗൺ കാലത്ത് പഴയ പേപ്പറുകൾ കൊണ്ട് മുല്ലമൊട്ട്, പെൻ സ്റ്റാൻഡ് തുടങ്ങി ഒട്ടനവധി നിർമ്മിതികളിലൂടെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു.

തന്നിലുള്ള സർഗ്ഗാത്മകമായ കഴിവുകൾ മറ്റുള്ളവരിലേക്കും പകർന്ന് നല്കണമെന്ന ആഗ്രഹം നിലനിൽക്കേയാണ് ചെറിയനാട്ടുള്ള ഫെയ്‌ത് ഹോം ആൻഡ് ഗുഡ് ഏർട്ട് എന്ന സ്‌ഥാപനത്തിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള സ്ക്കൂളിൽ കുട്ടികളെ പഠിപ്പിക്കാനായി ക്ഷണം ലഭിക്കുന്നത്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവിടത്തെ കുട്ടികൾക്കൊപ്പം ആടിയും പാടിയും അവരോടപ്പം സന്തോഷത്തോടെ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നു. ഒഴിവ് സമയങ്ങളിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മിതികൾ സൃഷ്ടിക്കുമ്പോൾ മനസിൽ ഉദിച്ച ആശയമാണ് പത്രത്താളുകൾ കൊണ്ടുള നിലവിളക്ക്. ഭർത്താവിന്റെ മക്കളുടെയും നിർലോഭമായ പിന്തുണയും പ്രചോദനവും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വെറും നാല് ദിവസത്തെ പ്രയത്നം കൊണ്ട് ഒരാൾ പൊക്കത്തിൽ ഒരു പേപ്പർ നിലവിളക്ക് നിർമ്മിച്ചെടുത്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഇത് കാണാനായി നിരവധി പേരാണ് ആൻ മരിയയെ വിളിക്കുന്നത്.

പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച കൗതുക വസ്തുക്കളുടെ ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആൻ മരിയ സേവ്യർ. എൻജിനിയറിംഗ് വിദ്യാർത്ഥി ജയകൃഷ്ണൻ, പ്ലസ് വൺ വിദ്യാർത്ഥി ജഗത്കൃഷ്ണൻ എന്നിവർ മക്കളാണ്.