അങ്കണവാടി ഭക്ഷണത്തിൽ ഇനി ചക്കപ്പൊടി വിഭവങ്ങളും

Monday 22 September 2025 1:28 AM IST

ആലപ്പുഴ: അങ്കണവാടി കുട്ടികൾക്ക് ഇനി പോഷകാഹരമായ ചക്കപ്പൊടി വിഭവങ്ങളും വിളമ്പും. ദേശീയ പോഷകാഹാര സഹായ പദ്ധതികളിൽ കേരളത്തിന്റെ തനത് പോഷകാഹാരമായ ചക്കപ്പൊടി കൂടി ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് സംസ്ഥാന വനിത,​ ശിശു വികസന വകുപ്പ് വിഭവം വളമ്പുന്നത്. മെനുവിലെ വിഭവമായ ഇല അട, കൊഴുക്കട്ട എന്നിവ ചക്കപ്പൊടി ഉപയോഗിച്ച് നൽകാമെന്ന നിലയിലാണ് പരിഗണിക്കുന്നത്.

കുട്ടികൾക്കാവശ്യമായ പോഷകങ്ങൾ ഏറെയുള്ളതിനാലാണ് ചക്കപ്പൊടി വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുട്ടികളിലെ പ്രമേഹരോഗം കുറയ്‌ക്കാനും സഹായിക്കും. ദഹനത്തിനും സഹായകമാണ്.

ചക്കപ്പൊടി മെനുവിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ കൊവിഡിന് മുമ്പ് നടന്നിരുന്നെങ്കിലും ഇപ്പോഴാണ് പദ്ധതി പ്രാബല്യത്തിലാകുന്നത്. അതത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് അങ്കണവാടികളിൽ അനുപൂരക പോഷകാഹാര പരിപാടി നടപ്പിലാക്കുന്നത്.

ആഴ്ചയിൽ ഒരുദിവസം

1.തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ചക്കപ്പൊടിയുടെ സംഭരണ കാലാവധിയും ലഭ്യതയും പരിഗണിച്ചാകും മാതൃകാ ഭക്ഷണമെനുവിലേക്ക് ഉൾപ്പെടുത്തുന്നത്. ആഴ്ചയിൽ ഏതെങ്കിലുമൊരു ദിവസംചക്കപ്പൊടി ഉൾപ്പെടുത്താനാണ് തീരുമാനം. എല്ലാ ശിശുവികസന ഓഫീസർമാർക്കും ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കും ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്.

2. ഈ മാസം എട്ടുമുതലാണ് അങ്കണവാടികളിൽ മെനു പരിഷ്കരിച്ചത്. ലഡു, മുട്ട ബിരിയാണി, പുലാവ് ഉൾപ്പെടെ കൂടുതൽ പോഷകളോടു കൂടിയ ഭക്ഷണമാണ് നൽകുന്നത്.

പാൽ, പിടി, കൊഴുക്കട്ട, ഇലയട, ന്യൂട്രീ ലഡു, റാഗി/അരി അട തുടങ്ങിയവയാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

3. ചോറ്, ചെറുപയർ കറി, ഇലക്കറികൾ, തോരൻ/ഉപ്പേരി, മുട്ടബിരിയാണി/മുട്ടപുലാവ്, ഫ്രൂട്ട് കപ്പ്, പയർകഞ്ഞി, മുട്ട ഓംലറ്റ്, വെജ് പുലാവ് തുടങ്ങിയവയാണ് ഉച്ചഭണം. പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം, റാഗി അട, ഇഡലി, സാമ്പാർ, അവിൽ, ശർക്കര, ഗോതമ്പ് നുറുക്ക് പുലാവ്, ധാന്യ പായസം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്

4. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം പഞ്ചസാര ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്തിയും എണ്ണയുടെയും ഉപ്പിന്റെയും അളവ് കുറച്ചുമാണ് കുട്ടികൾക്കായി ഭക്ഷണം പാചകം ചെയ്യുന്നത്