ദേശീയപാത നവീകരണം : തോട്ടപ്പള്ളി- അഴീക്കൽ മണ്ണെടുപ്പ് നടപടികൾ വേഗത്തിലാക്കും

Monday 22 September 2025 1:33 AM IST

ആലപ്പുഴ: ദേശീയപാത നവീകരണത്തിന് ആവശ്യമായ മണ്ണിന്റെ ലഭ്യത ഉറപ്പാക്കാൻ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്നും പമ്പ നദിയിൽ നിന്നും ഖനനം ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ നിർദേശം.ദേശീയ പാത നിർമ്മാണത്തിന് ആവശ്യാനുസരണം മണ്ണ് ലഭ്യമാകാത്തതിനാൽ ജില്ലയിലെ കൊറ്റുകുളങ്ങര - പറവൂർ, പറവൂർ - തുറവൂർ റീച്ചുകളിൽ നിർമ്മാണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുന്നമടക്കായലിന് പുറമേ തോട്ടപ്പള്ളി പൊഴിമുഖം, പമ്പാനദി എന്നിവിടങ്ങളിൽ നിന്ന് കൂടി പരിസ്ഥിതി ആഘാതമുണ്ടാകാത്ത വിധം വെള്ളപ്പൊക്ക നിവാരണ നടപടിയുടെ ഭാഗമായി മണൽഖനനം ചെയ്യാൻ തീരുമാനിച്ചത്.

ജില്ലയിലെ ദേശീയപാത നവീകരണത്തിന് വേമ്പനാട്ട് കായലിൽ നിന്ന് 5ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ഖനനം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഖനനം നടത്തി മണൽ ദേശീയപാത നിർമ്മാണത്തിനായി ലഭ്യമാക്കിയിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാക്കാൻ അത് മതിയാകില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നയത്തിൽ മാറ്രം വരുത്തി കൂടുതൽ ഡ്രഡ്ജിംഗിന് അനുമതി നൽകിയത്.

നിലവിലെ ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്തൽ പ്രകാരം ജില്ലയിലെ രണ്ട് റീച്ചുകളും സംസ്ഥാനത്ത് ഏറ്റവും പിന്നാക്ക അവസ്ഥയിലാണ്. പ്രതികൂല കാലാവസ്ഥയ്ക്ക് പുറമേ മണ്ണില്ലാത്തതാണ് നിർമ്മാണത്തെ പ്രതിസന്ധിയിലാക്കിയത്.

വിലയിരുത്തൽ യോഗങ്ങളിൽ നിർമ്മാണ കമ്പനിയും ദേശീയ പാത അതോറിട്ടിയും മണ്ണ് ക്ഷാമം മുഖ്യവിഷയമായി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്.

ലക്ഷ്യം മൂന്നര ലക്ഷം ക്യുബിക് മീറ്റർ

1.തോട്ടപ്പള്ളി മുതൽ വീയപുരം വരെ പമ്പാനദിയും കായംകുളം പൊഴിമുഖത്തെ വലിയഴീക്കൽ മുതൽ പതിയങ്കര വരെയുള്ള ഭാഗവുമാണ് പുതുതായി ഡ്രഡ്ജിംഗിനായി കണ്ടെത്തിയിരിക്കുന്നത്. കരുമാടി, കായംകുളം കടൽമുഖം, വലിയഴീക്കൽ പതിയങ്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഡ്രഡ്ജിംഗ് നടത്താനാണ് തീരുമാനം

2.കുട്ടനാട്ടിലെ വെള്ളപ്പൊക്കനിവാരണത്തിന്റെ ഭാഗമായി നിലവിൽ തോട്ടപ്പള്ളി സ്പിൽവേയിൽ ഡ്രഡ്ജിംഗ് നടത്തുന്നതിന് പുറമേയാണ് കരുമാടി ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കാൻ നിർദേശമുണ്ടായത്.ഇറിഗേഷൻ ചീഫ് എൻജിനിയർക്കാണ് മേൽനോട്ട ചുമതല

3. മൂന്നര ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ഇവിടങ്ങളിൽ നിന്ന് കണ്ടെത്താൻ ഉദ്ദേശിക്കുന്നത്. തുലാവർഷം കഴിയുമ്പോഴേക്കും ഇവിടങ്ങളിൽ നിന്ന് ഖനനം ആരംഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം