നവരാത്രി വിഗ്രഹങ്ങൾ ഇന്ന് അനന്തപുരിയിൽ,​ കളിയിക്കാവിളയിൽ ഘോഷയാത്രയ്ക്ക് ഗംഭീര സ്വീകരണം

Monday 22 September 2025 1:57 AM IST

പാറശാല: പദ്മനാഭപുരത്തു നിന്നും പുറപ്പെട്ട വിഗ്രഹഘോഷയാത്ര ഇന്ന് അനന്തപുരിയിലെത്തുന്നതോടെ തലസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും. ഇന്നലെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ സർക്കാരിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും അഭിമുഖ്യത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഘോഷയാത്രയെ വരവേറ്റു.

കേരള പൊലീസ് പുരുഷ,വനിതാ ബറ്റാലിയനുകളും തമിഴ്നാട് പൊലീസും വിഗ്രഹ ഘോഷയാത്രയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി. സ്വീകരണച്ചടങ്ങിനു മുന്നോടിയായി നടന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ഉദ്‌ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ഗവർണർ,തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ തട്ടപൂജ നടത്തി വിഗ്രഹഘോഷയാത്രയെ വരവേറ്റു.

എം.വിൻസന്റ് എം.എൽ.എ,തമിഴ്നാട് വിളവൻകോട് എം.എൽ.എ താരഹൈ കുത്ത്‌ബെർട്ട്,കന്യാകുമാരി ദേവസ്വം ജോ.കമ്മിഷണർ എ.ജാൻസി റാണി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ,നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ്‌കുമാർ,ദേവസ്വം കമ്മിഷണർ സനൽകുമാർ,റൂറൽ എസ്.പി കെ.എസ്.സുദർശനൻ,മാർത്താണ്ഡം ഡിവൈ.എസ്.പി നല്ലശിവം, കെ.പി.സി.സി സെക്രട്ടറി അഡ്വ.പ്രാണകുമാർ,ഹിന്ദുഐക്യവേദി സംസ്ഥന പ്രസിഡന്റ്‌ കെ.പ്രഭാകരൻ, ഹിന്ദുമുന്നണി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യൻ,നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത എന്നിവരും ഹൈന്ദവ സംഘടനകളായ നവരാത്രി സേവാസമിതി,അയ്യപ്പസേവാസംഘം എന്നിവയുടെ പ്രതിനിധികളും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.

ഉച്ചക്ക് രണ്ടോടെ പാറശാല മഹാദേവർ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് മൂന്നോടെ പുറപ്പെട്ട് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി. അവിടെനിന്നും ഇന്നു രാവിലെ പുറപ്പെട്ട് വൈകിട്ട് മൂന്നോടെ നഗരാതിർത്തിയായ നേമത്തെത്തും. അവിടെ നിന്നും ഘോഷയാത്ര കരമന ആവടി അമ്മൻ ക്ഷേത്രത്തിനു മുന്നിലെത്തിയ ശേഷം അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമി വിഗ്രഹത്തെ എഴുന്നള്ളിക്കും. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേകോട്ടയിലെത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും.

പദ്മതീർത്ഥത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിൽ സരസ്വതിദേവീയെ ഒക്ടോബർ 4 വരെ പൂജയ്‌ക്കിരുത്തും. കുമാരസ്വാമിയേയും വെള്ളിക്കുതിരയേയും ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലുമാണ് പൂജയ്ക്കിരുത്തുക.