ശമ്പളവും പെന്‍ഷനും നല്‍കാന്‍ കോടികള്‍ക്ക് പുറമേ പലിശ; ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ വര്‍ദ്ധന
ന്യൂഡല്‍ഹി: സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരുകളുടെ ചെലവില്‍ വന്‍ വര്‍ദ്ധന. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്ന തുക രണ്ടര മടങ്ങി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 201314ല്‍ 6.27 ലക്ഷം കോടി രൂപയായിരുന്ന ചെലവ് 2022-23 സാമ്പത്തിക വര്‍ഷം 15.64 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. സംസ്ഥാനങ്ങളുടെ മൊത്തം ചെലവിന്റെ 80-87 ശതമാനവും റവന്യൂ ചെലവാണ്.
രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. പെന്‍ഷന്‍, പലിശ എന്നിവയാണ് തൊട്ടുപിന്നില്‍. അതേസമയം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പലിശയിനത്തിലെ ചെലവാണ് ശമ്പളം നല്‍കാനുള്ള ചെലവിനേക്കാള്‍ കൂടുതല്‍. ഈ സംസ്ഥാനങ്ങളുടെ ഉയര്‍ന്ന കടബാദ്ധ്യതയാണ് ഇതിന് കാരണം.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം റവന്യൂ ചെലവായ 35,95,736 കോടി രൂപയില്‍, 15,63,649 കോടി രൂപ ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ ഇനത്തിലാണ്. സബ്സിഡികള്‍ക്കായി 3,09,625 കോടി രൂപയും ഗ്രാന്റ്-ഇന്‍ എയ്ഡ് ഇനത്തില്‍ 11,26,486 കോടി രൂപയും ചെലവഴിച്ചു. 2013-14ല്‍ സംസ്ഥാനങ്ങളുടെ സബ്‌സിഡി ചെലവ് 96,479 കോടി രൂപയായിരുന്നത് 2022-23ല്‍ 3,09,625 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നും സീഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.