ആ വ്യാജവാർത്തകൾ വിശ്വസിക്കരുത്,​ കുറിപ്പ് പങ്കുവച്ച് ദുൽഖ‍ർ സൽമാൻ

Sunday 21 September 2025 11:21 PM IST

ഓണം റിലീസായി എത്തിയ ലോക ചാപ്ടർ വൺ - ചന്ദ്ര റെക്കാഡ് കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ,​ നസ്‌ലെൻ,​ ചന്തു സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ആഗോള തലത്തിൽ 266 കോടി നേടിയ ചിത്രം എമ്പുരാനെയും പിന്നിലാക്കി ഏറ്റവും വലിയ കളക്ഷൻ നേടി മലയാളചിത്രം എന്ന നേട്ടവും സ്വന്തമാക്കി കഴിഞ്ഞു.

ലോകയ്ക്കൊപ്പം ഓണം റിലീസായി എത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിന്റെ ഒ.ടി.ടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം സെപ്തംബർ 26ന് ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ ലോകയും ഒ.ടി.ടി റിലീസായി ഉടൻ എത്തും എന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ദുൽഖ‍ സൽമാൻ. ലോക ഉടൻ ഒ.ടി.ടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. " ലോക അടുത്തെങ്ങും ഒ.ടി.ടിയിൽ വരില്ല,​ വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും ഫേസ്ബുക്ക് കുറിപ്പിൽ ദുൽഖർ വ്യക്തമാക്കി.

മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹിറോ ചിത്രം ഡൊമിനിക് അരുണാണ് സംവിധാനം ചെയ്തത്. അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അടുത്ത ഭാഗം ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കിയാകും ഒരുക്കുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.