കയർ സൊസൈറ്റികൾ പ്രവർത്തിക്കുന്നതും കാത്ത് വക്കത്തുകാർ
വക്കം: ഒരുകാലത്ത് കയർ വ്യവസായത്തിന് പേരുകേട്ട നാടായ വക്കത്തെ മിക്ക കയർ സൊസൈറ്റികളും അടച്ചുപൂട്ടി. അഞ്ച് സൊസൈറ്റികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായ സംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർ സംഘം, ഇറങ്ങുകടവ് കയർ സംഘങ്ങൾക്കുമുൾപ്പടെ താഴുവീണു. അഞ്ചു സൊസൈറ്റികളിലുമായി ആയിരത്തോളം തൊഴിലാളികളും ഉണ്ടായിരുന്നു. ഇരുനൂറ് റാട്ടുകളും ഒരു റാട്ടിൽ കുറഞ്ഞത് 6തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. എന്നാൽ കൈകൊണ്ട് കറക്കുന്ന റാട്ട് മാറി യന്ത്രവത്കൃത റാട്ടുകളും ചകിരി പിരിക്കാനായി ആധുനിക മെഷീനുകളും വന്നതോടെ നിശ്ചലമായി.
ഓർമ്മയായി ചെറുകിട യൂണിറ്റുകൾ
വക്കത്തെ ഒട്ടുമിക്ക വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട യൂണിറ്റുകളുടെ പ്രവർത്തനം വിരലിൽ എണ്ണാവുന്ന സ്ഥിതിയിലായി. ഒരുകാലത്ത് നിരവധി തൊഴിലാളികൾ ജോലിയിലേർപ്പെട്ടിരുന്നു. പ്രധാന മാർക്കറ്റായ മങ്കുഴി മാർക്കറ്റ് രാത്രി വൈകിയും പ്രവർത്തിച്ചിരുന്നു. ഇന്ന് അതെല്ലാം ഓർമ്മ മാത്രമാണ്.കയർമേഖലയെ പുനരുജ്ജീകരിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും മേഖലയിലെ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല.
അസംസ്കൃത വസ്തുക്കളുടെ അഭാവം
അവഗണനയോടൊപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു.തമിഴ്നാട്,മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കാണ് കയർ ബോർഡ് ഇപ്പോൾ പ്രാധാന്യം നൽകിവരുന്നതെന്നും കയർ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണുള്ളതെന്നും തൊഴിലാളികൾ പറയുന്നു.
പ്രതികരണം: ഒരു കാലത്ത് പ്രധാന ഉപജീവന മാർഗ്ഗം കയർ വ്യവസായമായിരുന്നു. ചെറുകിട കച്ചവടക്കാരെയും വ്യവസായങ്ങളും സംരക്ഷിക്കണം.
യു.പ്രകാശ്.
ഐ.എൻ.ടി.യു.സി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ആൻഡ്
അഖിലേന്ത്യ കൗൺസിൽ മെമ്പർ