വഴിയിൽ നിന്നു കിട്ടിയ മുപ്പതിനായിരം രൂപ ഉടമയെ കണ്ടെത്തി നൽകി ഓട്ടോ ഡ്രൈവർ
വെഞ്ഞാറമൂട്: വഴിയിൽ നിന്നും കിട്ടിയ മുപ്പതിനായിരം രൂപ ഉടമയെ കണ്ടെത്തി നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ അനിൽകുമാറാണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്. ഞായറാഴ്ച രാവിലെ വലിയ കട്ടയ്ക്കാലിൻ ഓട്ടം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ മുൻപെ പോയ ബൈക്കിൽ നിന്നും ബാഗ് വീഴുന്നത് അനിൽ കുമാറിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. ഉടൻ തന്നെ ഓട്ടോ നിർത്തി ബാഗെടുത്ത് തുറന്ന് നോക്കിയപ്പോൾ 500ന്റെയും നൂറിന്റെയും നോട്ടുകളാണെന്ന് മനസ്സിലാക്കിയ അനിൽ വെഞ്ഞാറമൂട് പൊലീസിലേല്പിച്ചു. എണ്ണി നോക്കിയപ്പോൾ 30,000 രൂപയുണ്ടെന്നും കണ്ടെത്തി. ബാഗിൽ നിന്നും ലഭിച്ച ഒരു പേപ്പറിൽ നിന്നും കിട്ടിയ നമ്പരിൽ വിളിച്ച് ബാഗിന്റെ ഉടമ വെഞ്ഞാറമൂട്ടിലെ ഒരു വ്യാപാരിയാണന്ന് തിരിച്ചറിയുകയും അദ്ദേഹത്തെ സ്റ്റേഷനിൽ വിളിച്ച് വരുത്തി അനിൽ കുമാറും വെഞ്ഞാറമൂട് സി.ഐ.ആസാദ് അബ്ദുൽ കലാമും ചേർന്ന് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം വൈ.വി.ശോഭ കുമാർ, എസ്.ഐ.സജിത്ത് എന്നിവരുമുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കൾ അനിൽ കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.