യുവതിയെ ഗർഭിണിയാക്കിയശേഷം മുങ്ങിയ യുവാവ് പിടിയിൽ
കരമന: വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങിയ യുവാവിനെ പൊലീസ് കോട്ടയത്ത് നിന്ന് അറസ്റ്റുചെയ്തു.
എരുമേലി മരുതിമൂട് വീട്ടിൽ നിന്നാണ് എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24) കരമന പൊലീസ് പിടികൂടിയത്. ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി, എറണാകുളത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും അവിടെവച്ച് മഞ്ഞച്ചരട് കഴുത്തിൽ കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്‌തു.
ഗർഭിണിയായെന്നു അറിഞ്ഞപ്പോൾ മുങ്ങുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതി ഒരു കുട്ടിയുടെ അച്ഛനുമാണ്. ഫോർട്ട് എ.സി ഷിബു കരമന,എസ്.എച്ച്.ഒ അനൂപ്, എസ്.ഐമാരായ ശ്രീജിത്ത്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.