ഡി.എം.കെ- ടി.വി.കെ മത്സരമെങ്കിൽ പണിപാളും, ആക്ഷൻ പ്ലാനിന് രൂപം നൽകാൻ എൻ.ഡി.എ, അമിത് ഷായും എടപ്പാടിയും ചർച്ച നടത്തി

Monday 22 September 2025 12:57 AM IST

ചെന്നൈ: ഒരു വശത്ത് ഡി.എം.കെയെ വെല്ലുവിളിച്ച് താരപ്പകിട്ടോടെ സംസ്ഥാന പര്യടനം നടത്തുന്ന ടി.വി.കെ അദ്ധ്യക്ഷൻ വിജയ്. മറുവശത്ത് വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടി ഭരണത്തുടർച്ച നേടാൻ അദ്ധ്വാനിക്കുന്ന ഡി.എം.കെ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം ഇവർ തമ്മിലാണെന്ന ധാരണ വോട്ടർമാരിലേക്ക് എത്തിയാൽ കുഴപ്പത്തിലാകുന്നത് എൻ.ഡി.എയാകും. തമിഴ്നാടിനെ ലക്ഷ്യം വച്ച് ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും. ഇതൊഴിവാക്കാൻ എൻ.ഡി.എ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെ വിരുദ്ധ വോട്ടുകൾ സ്വായത്തമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് പാർട്ടി നേതൃത്വം പ്ളാൻ ചെയ്യുന്നത്.

പ്രധാന സഖ്യ കക്ഷികൾ തമ്മിലുള്ള ചർച്ചകൾ ബി.ജെ.പി ആരംഭിച്ചു. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ഇ. പളനിസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുമായി ഡൽഹിയിൽ വച്ച് ചർച്ച നടത്തി. ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കാമെന്ന് പളനിസാമി പറഞ്ഞുവെങ്കിലും അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ ബി.ജെ.പിയിലേക്ക് സ്വീകരിക്കരുതെന്ന് പളനിസ്വാമി ആവശ്യപ്പെട്ടതായാണ് വിവരം. അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർശെൽവം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാലാണ് എടപ്പാടി ഈ നിലപാട് എടുത്തത്.

ടി.ടി.വി.ദിനകരന്റെ അമ്മാ മക്കൾ കക്ഷി നിലവിൽ എൻ.ഡി.എയിലാണ്. തേവർ സമുദായത്തിൽപ്പെട്ട ദിനകരന് എൻ.ഡി.എയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ബി.ജെ.പി നേതാക്കളുടെ വിശ്വാസം. അദ്ദേഹത്തിന്റെ അമ്മായിയും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികല എൻ.ഡി.എയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നതവരും ഉണ്ട്. എന്നാൽ എടപ്പാടി പളനിസാമി ഇതിനോട് യോജിക്കുന്നില്ല. അതേ സമയം ടി.വി.കെ സഖ്യം രൂപീകരിച്ചാൽ അങ്ങോട്ടുപോകാനാണ് ദിനകരന്റെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന.

അതേ സമയം വിജയകാന്ത് രൂപീകരിച്ച ഡി.എം.ഡി.കെ എൻ.‌‌ഡി.എയിലേക്ക് തിരിച്ചെത്തിയാക്കും. പാർട്ടി ചെയപേഴ്സൺ പ്രേമലതയുമായി ഇതു സംബന്ധിച്ച ചർച്ച ബി.ജെ.പി നേതാക്കൾ നടത്തും.

പി.എം.കെയിലെ

തമ്മിലടി തലവേദന

പട്ടാളി മക്കൾ കക്ഷി (പി.എം.കെ) നേതാവ് അൻപുമണി രാമദാസിനെ പാർട്ടി സ്ഥാപകനും അൻപുമണിയുടെ പിതാവുമായ എസ്. രാമദാസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എൻ.ഡി.എ നേതൃത്വത്തിന് തലവേദനാണ്. അണ്ണാ ഡി.എം.കെ കഴിഞ്ഞാൽ മുന്നണിയിലെ ശക്തമായ പാ‌ർട്ടിയാണ് പി.എം.കെ. തിരഞ്ഞെടുപ്പ് സഖ്യത്തെച്ചൊല്ലി രാമദാസും അൻപുമണിയും തമ്മിലുണ്ടായ ഭിന്നതയാണ് പുറത്താക്കലിൽ കലാശിച്ചത്. രാമദാസ് ഡി.എം.കെയ്‌ക്കൊപ്പം ചേരാൻ താത്പര്യം പ്രകടിപ്പിക്കുമ്പോൾ എൻ.ഡി.എ മതിയെന്ന നിലപാടിലാണ് അൻപുമണി.

വോട്ടുവ്യത്യാസം 6%

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണി 234 സീറ്റുകളിൽ 159 സീറ്റുകൾ നേടി, ഡി.എം.കെ മാത്രം 133 സീറ്റുകൾ നേടി. എൻ.ഡി.എ സഖ്യം ആകെ 75 സീറ്റുകൾ നേടി, അതിൽ 66 സീറ്റുകൾ അണ്ണാ ഡി.എം,കെ നേടി. സഖ്യങ്ങൾ തമ്മിലുള്ള മൊത്തം വോട്ട് വ്യത്യാസം ഏകദേശം 6 ശതമാനമായിരുന്നു.