വീട്ടിൽ കയറി ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ

Monday 22 September 2025 12:58 AM IST

ചേർപ്പ് : ബൈക്ക് വിൽപ്പനയിൽ നിന്ന് പിൻമാറിയതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ കയറി യുവാവിനെയും അമ്മയെയും ആക്രമിച്ച് പരിക്കേൽപിച്ച മൂന്ന് പേരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂർ സ്വദേശി നെടുംപുരയ്ക്കൽ വീട്ടിൽ ഷമീർ (40), ഊരകം പനംകുളം സ്വദേശി വെളിയത്ത് വീട്ടിൽ മണി (രാജീവൻ 48), ആറാട്ടുപുഴ സ്വദേശി തേലപ്പിള്ളി വീട്ടിൽ ദേവദത്തൻ (24) എന്നിവരാണ് അറസ്റ്റിലായത്. പാലയ്ക്കൽ സ്വദേശി വിഘ്‌നേഷിന്റെ (21) വീട്ടിലായിരുന്നു ആക്രമണം.

ഇന്നലെ പുലർച്ചെ മൂന്നരയ്ക്കായിരുന്നു സംഭവം. വീട്ടിലെത്തിയ പ്രതികൾ വിഘ്‌നേഷിന്റെ ജ്യേഷ്ഠനെയും സുഹൃത്തുക്കളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് മൊബൈൽ ഫോൺ കവരുകയും വിഘ്‌നേഷിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും അമ്മയെ തള്ളിയിടുകയുമായിരുന്നു. പ്രതികൾ ഇരിങ്ങാലക്കുട, ചേർപ്പ്, വലപ്പാട്, മണ്ണുത്തി, വലപ്പാട് എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്. ചേർപ്പ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.എസ്.ഷാജൻ, സി.പി.ഒമാരായ അനീഷ്, റിൻസൻ, മുഹമ്മദ്, റിൻസൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.