പ്രധാനമന്ത്രി പദത്തിൽ ഒഴിവില്ലെന്ന് രാജ്‌നാഥ് സിംഗ് '2034ന് ശേഷവും മോദി തന്നെ പ്രധാനമന്ത്രി"
ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലേക്ക് സമീപഭാവിയിലൊന്നും ഒഴിവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 2029ലും 2034ലും അതിനുശേഷവും മോദിയായിരിക്കും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. ബി.ജെ.പിയുടെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി മോദി തുടരുമെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പോടെ മോദി വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. ലോകനേതാക്കൾ പലരും മോദിയുടെ ഉപദേശം തേടാറുണ്ട്. ജനങ്ങളുമായി ബന്ധപ്പെടുന്നതിലും സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും മോദിക്കുള്ള മിടുക്ക് അസാമാന്യമാണ്. പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് നൽകിയ മറുപടി അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്ക് ഉദാഹരണമാണ്. ജന്മദിനത്തിന് ഇത്രയധികം ലോകനേതാക്കളുടെ ആശംസകൾ ലഭിക്കുന്ന മറ്റൊരു നേതാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
2013ൽ മോദിയെ ബി.ജെ.പി പ്രചാരണത്തിന്റെ കൺവീനറാക്കാനും പിന്നീട് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചത് രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു. വോട്ട് മോഷണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.