ഭർത്താവിന്റെ കാമുകിയിൽ നിന്ന് 4 കോടി നഷ്ടപരിഹാരം തേടി ഭാര്യ ഹർജി അംഗീകരിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഭർത്താവിന്റെ കാമുകിയിൽ നിന്ന് നാല് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭാര്യയുടെ സിവിൽ ഹർജി നിലനിൽക്കുമെന്ന് ഡൽഹി ഹൈക്കോടതി.
ഡൽഹി സ്വദേശിനി നൽകിയ സിവിൽ സ്യൂട്ട് ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. ഭർത്താവിനും കാമുകിക്കും സമൻസ് അയക്കാൻ ഉത്തരവിട്ടു. ഭർത്താവിന്റെ കരുതലിനും സ്നേഹത്തിനും തനിക്കാണ് അവകാശമെന്നും കാമുകിയുടെ അനാവശ്യ ഇടപെടലുകൾ കാരണം ദാമ്പത്യത്തിൽ വിള്ളൽ വീണുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ദാമ്പത്യത്തിൽ മനഃപൂർവം ദുരുദ്ദേശ്യത്തോടെ ഇടപ്പെട്ടതിൽ ഭാര്യയ്ക്ക് ഭർത്താവിന്റെ കാമുകിക്കെതിരെ നിയമനടപടിക്ക് തടസമില്ലെന്നും കുടുംബം തകർക്കാനുള്ള കാമുകിയുടെ ഇടപെടലുകൾക്കെതിരെ സിവിൽ കോടതിയിൽ ഹർജി നൽകാൻ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വൈവാഹിക ജീവിതത്തിൽ ഇടപെടുന്ന മൂന്നാം കക്ഷിക്കെതിരെ കുടുംബ കോടതിയിൽ കേസ് കൊടുക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തത് കോടതി ചൂണ്ടിക്കാട്ടി.