പാലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിച്ച് കാനഡ, ഓസ്ട്രേലിയ, യു.കെ

Monday 22 September 2025 7:29 AM IST

ലണ്ടൻ: അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് ഇസ്രയേൽ ഗാസയിൽ ആക്രമണം കടുപ്പിക്കുന്നതിനിടെ, പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് കാനഡയും ഓസ്ട്രേലിയയും യു.കെയും. ഇതോടെ പാലസ്തീനെ അംഗീകരിച്ച ആദ്യ ജി 7 രാജ്യമെന്ന നേട്ടം കാനഡ സ്വന്തമാക്കി. അതേസമയം, ഹമാസിന് പാലസ്തീൻ രാഷ്ട്രത്തിൽ യാതൊരു പങ്കാളിത്തവും ഉണ്ടാകാൻ പാടില്ലെന്നും ഗാസയിലുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി. മാനുഷിക സഹായങ്ങളെത്തിക്കാൻ ഗാസ അതിർത്തിയിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

അയർലൻഡ്,​ നോർവേ,​ സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ പാലസ്തീനെ അംഗീകരിച്ചിരുന്നു. ഫ്രാൻസ്,​ പോർച്ചുഗൽ,​ ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങൾ വരും ദിവസങ്ങളിൽ അംഗീകരിക്കും. നീക്കത്തെ ഹമാസും പാലസ്തീനിയൻ അതോറിറ്റിയും സ്വാഗതം ചെയ്തു.

പാലസ്തീനെ അംഗീകരിച്ചത് ഹമാസിന് നൽകുന്ന പ്രതിഫലമാണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി. അതേസമയം, ഇസ്രയേൽ കരയാക്രമണം തുടരുന്ന ഗാസ സിറ്റിയിൽ അടക്കം സ്ഥിതി ദയനീയമാണ്. ഇന്നലെ മാത്രം ഗാസയിലെമ്പാടുമായി 55 പേർ കൊല്ലപ്പെട്ടു. ഇതിൽ ഗാസ സിറ്റിയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടു. ആകെ മരണം 65,280 കടന്നു.

# ബന്ദികളുടെ ചിത്രവുമായി ഹമാസ്

ഗാസയിൽ ശേഷിക്കുന്ന 47 ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. യാത്ര അയപ്പ് ചിത്രം എന്ന സന്ദേശത്തോടെയാണ് പുറത്തുവിട്ടത്. ബന്ദികളുടെ ജീവൻ അപകടത്തിലാണെന്ന സൂചനയാണ് ഇതിലൂടെ നൽകിയത്. ഇവർ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലുണ്ടെന്നും ഇസ്രയേൽ ആക്രമണത്തിനിടെ ഇവർ കൊല്ലപ്പെട്ടേക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. അതേസമയം,​ 20 ഓളം ബന്ദികൾ മാത്രമാണ് നിലവിൽ ജീവനോടെയുള്ളതെന്നാണ് ഇന്റലിജൻസ് വിവരം. ബന്ദികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് കാട്ടി ആയിരക്കണക്കിന് ഇസ്രയേലികൾ ടെൽ അവീവിൽ പ്രതിഷേധിച്ചു.

# കൂടുതൽ സൈനികരെത്തി

 ആക്രമണം രൂക്ഷമായ ഗാസ സിറ്റിയിലേക്ക് കൂടുതൽ ഇസ്രയേൽ സൈനികരെത്തി

 സബ്ര മേഖലയിൽ വ്യാപക ബോംബാക്രമണം. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങി

 മദ്ധ്യ ഗാസയിലെ ബുറെയ്ജ് അഭയാർത്ഥി ക്യാമ്പിലെ വ്യോമാക്രമണത്തിൽ നാല് കുട്ടികൾ അടക്കം 7 പേർ കൊല്ലപ്പെട്ടു

 വടക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കിയ രണ്ട് റോക്കറ്റുകൾ തകർത്തു

 തെക്കൻ ലെബനനിലെ ബിന്റ് ജബെയ്ലിൽ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 5 മരണം

# യു.എന്നിലെ 193 അംഗങ്ങളിൽ പാലസ്തീനെ അംഗീകരിച്ചത് - 150 രാജ്യങ്ങൾ

 തീരുമാനം സമാധാന പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും വേണ്ടി.

- കിയർ സ്റ്റാമർ,​ പ്രധാനമന്ത്രി,​ യു.കെ

 പാലസ്തീന്റെയും ഇസ്രയേലിന്റെയും സമാധാനപരമായ ഭാവിയ്ക്ക് ഞങ്ങളുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു.

- മാർക്ക് കാർണി, പ്രധാനമന്ത്രി, കാനഡ

 തീരുമാനം ദ്വിരാഷ്ട്ര പരിഹാരം സാദ്ധ്യമാക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗം.

- ആന്റണി ആൽബനീസ്, പ്രധാനമന്ത്രി, ഓസ്ട്രേലിയ