ബഗ്രാം എയർ ബേസ് -- 'അഫ്ഗാന്റെ ഒരിഞ്ച് മണ്ണ് നൽകില്ല": ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ
Monday 22 September 2025 7:31 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർ ബേസിന്റെ നിയന്ത്രണം തങ്ങൾക്ക് തിരിച്ച് നൽകണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ ഭരണകൂടം. അഫ്ഗാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാറിനും അനുവദിക്കില്ലെന്നും എയർ ബേസ് നൽകില്ലെന്നും താലിബാൻ വ്യക്തമാക്കി. എയർ ബേസ് തിരികെ തന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിച്ചേക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് താലിബാൻ രംഗത്തെത്തിയത്. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ബഗ്രാമിനായി അഫ്ഗാനുമായി ചർച്ച തുടങ്ങിയെന്ന ട്രംപിന്റെ വാദത്തെ താലിബാൻ തള്ളുകയും ചെയ്തു. കാബൂളിന്റെ വടക്കാണ് അഫ്ഗാനിലെ ഏറ്റവും വലിയ എയർ ബേസായ ബഗ്രാം. 2021ൽ താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുക്കും വരെ യു.എസിന്റെ സൈനിക ദൗത്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം.