സാങ്കേതിക വിദ്യയെയും ഒപ്പം കൂട്ടാൻ സിപിഐ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തർക്കമുണ്ടാകില്ലെന്ന് മന്ത്രി രാജൻ
ചണ്ഡിഗഡ്: പാർട്ടി അംഗങ്ങൾക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമെന്നും ജനങ്ങളുമായി നിരന്തര സമ്പർക്കം ഉണ്ടാകണമെന്നും സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ അഭിപ്രായം. അല്ലാത്ത പക്ഷം പാർട്ടിയിൽ ബ്യൂറോക്രാറ്റിക് പ്രവണത ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. എഐ, ഓട്ടോമേഷൻ അടക്കം വെല്ലുവിളികളെക്കുറിച്ച് പാർട്ടി അറിയണം.
വ്യക്തിഗത ചിലവുകൾ പാർട്ടി പ്രവർത്തകർ കൂടുതൽ ചെയ്യുമ്പോഴും പാർട്ടിക്കായി സംഭാവന നൽകാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. പ്രായപരിധി കർശനമായി നടപ്പാക്കണം എന്നതിൽ കോൺഗ്രസിൽ പിന്തുണ ഏറുകയാണ്.
അതേസമയം പ്രായപരിധി നിബന്ധന നടപ്പാക്കണം എന്നകാര്യം മുൻപുതന്നെ പാർട്ടി കോൺഗ്രസ് തീരുമാനിച്ച കാര്യമാണെന്നും അതിന് മാറ്റമില്ലെന്നും ഇളവ് നൽകണോ എന്നത് പാർട്ടി കോൺഗ്രസ് തന്നെ തീരുമാനിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
ആശയങ്ങളിൽ ഉറച്ച് നിൽക്കുമ്പോഴും പുതിയ സാങ്കേതിക വിദ്യയടക്കം സ്വീകരിച്ച് പാർട്ടി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തർക്കമൊന്നും ഉണ്ടാകില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജനറൽ സെക്രട്ടറി പദത്തിൽ ഡി. രാജ തുടരുന്നതിനെ കേരള ഘടകം എതിർക്കുന്നുണ്ട്. 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കി ചണ്ഡിഗഡ് പാർട്ടി കോൺഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നതാണ് കേരള ഘടകത്തിന്റെ നിലപാട്.
നേതൃപദവികളിൽ മുതിർന്ന നേതാക്കൾ കടിച്ചു തൂങ്ങുന്നത് ഒഴിവാക്കണമെന്ന് ഇന്നു തുടങ്ങുന്ന 25ാം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്ന കരട് സംഘടനാ റിപ്പോർട്ടിലുള്ളത് ആയുധമാക്കാൻ ഒരുങ്ങുകയാണ് കേരള ഘടകം.
അതേസമയം ദേശീയ തലത്തിൽ പാർട്ടിയെ നയിച്ചതിന്റെ മികവ് ചൂണ്ടിക്കാട്ടി വടക്കേ ഇന്ത്യൻ ഘടകങ്ങളുടെ സഹായത്തോടെ പദവി നിലനിറുത്താൻ ഡി.രാജയും നീക്കം നടത്തുന്നു. കേരള ഘടകത്തിന്റെ നിലപാടിനോട് രാജയുടെ പത്നിയും മലയാളിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ആനി രാജയ്ക്ക് അതൃപ്തിയുണ്ട്. 2019 മുതൽ ജനറൽ സെക്രട്ടറി പദത്തിലുള്ള ഡി.രാജ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്നാമൂഴമാകും. ഒഴിഞ്ഞാൽ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗറിനാണ് സാദ്ധ്യത. അവർ തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയാകും.