മറ്റൊരു യുവാവുമായി സംസാരിച്ചു; കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പിന്നാലെ സെൽഫിയെടുത്ത് കാമുകൻ
കാൺപൂർ: കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കാൺപൂർ സ്വദേശിയായ സൂരജ് കുമാർ ഉത്തമാണ് തന്റെ കാമുകിയായ ആകാംഷയെ കൊലപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ട് മാസം മുൻപാണ് ആകാംഷ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്ന് സൂരജ് കണ്ടെത്തുന്നത്.
അടുത്തിടെ ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കായി. പ്രകോപിതനായ സൂരജ് യുവതിയുടെ തല ഭിത്തിയിൽ ഇടിച്ചതിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനായി സൂരജ് സുഹൃത്ത് ആശിഷ് കുമാറിന്റെ സഹായം ആവശ്യപ്പെട്ടു. ഇരുവരും ചേർന്ന് ആകാംഷയുടെ മൃതദേഹം ഒരു ബാഗിലാക്കി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് കൊണ്ടുപോയ ശേഷം യമുനാ നദിയിൽ എറിയുകയായിരുന്നു.
മൃതദേഹം നദിയിൽ എറിയുന്നതിന് മുൻപ് ബാഗിനൊപ്പം സൂരജ് സെൽഫിയും എടുത്തു. മകളെ കാണാനില്ലെന്ന് ഓഗസ്റ്റ് എട്ടിനാണ് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മകളെ സൂരജ് തട്ടിക്കൊണ്ടുപോയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിന്നാലെ സൂരജിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ജൂലായ് 21നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ബാഗിനൊപ്പം എടുത്ത സെൽഫി സൂരജിന്റെ മൊബെെൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ സൂരജിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.