ടിവി, ജിം, ഫുട്‌ബോൾ ഗ്രൗണ്ട്, ഷോപ്പിംഗ്; ഐസിസ് ഭീകരൻ ജയിലിൽ കഴിയുന്നത് അത്യാഡംബര സൗകര്യങ്ങളോടെ

Monday 22 September 2025 11:12 AM IST

വാഷിംഗ്‌ടൺ: 'ദി ബീറ്റിൽസ്' എന്ന തീവ്രവാദ സംഘടനയിലെ അംഗമായ ഐസിസ് ഭീകരൻ ബ്രിട്ടീഷ് ജയിലിൽ കഴിയുന്നത് അത്യാഡംബര സൗകര്യങ്ങളോടെ. 'ജിഹാദി പോൾ' എന്ന പേരിൽ അറിയപ്പെടുന്ന 41കാരനായ ഐൻ ഡേവിസ് ആണ് സുഖസൗകര്യങ്ങൾ ആസ്വദിച്ച് യുകെയിലെ എച്ച് എം പി വൈറ്റ്‌മൂർ ജയിലിൽ കഴിയുന്നത്. യുകെയിലെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലാണിത്. 500ൽ അധികം തടവുകാരാണ് ഇവിടെയുള്ളത്.

ഉയർന്ന വിഭാഗമായ 'എൻഹാൻസ്‌ഡ് കാറ്റഗറി' തടവുകാരനാണ് ലണ്ടൻ സ്വദേശിയായ പോൾ. അതിനാൽ തന്നെ ഏറ്റവും ഉയർന്ന സൗകര്യങ്ങളാണ് ജയിലിൽ പോളിന് ലഭിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഒറ്റമുറി ജയിലിലാണ് പോളിനെ പാർപ്പിച്ചിരിക്കുന്നത്. ഫുട്‌ബോൾ ഗ്രൗണ്ട്, ജയിലിലെ കാന്റീൻ ഉപയോഗിക്കാൻ പണം, മുറിയിൽ ടിവി, ഷോപ്പിംഗിനുള്ള അവസരം, കൂടുതൽ ഫോൺ കോളുകൾക്കുള്ള അനുമതി, ജിമ്മിൽ പോകാൻ അനുമതി, വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാൻ അവസരം, ഓപ്പൺ കോഴ്‌സുകൾ പഠിക്കാൻ അവസരം തുടങ്ങിയ സൗകര്യങ്ങളാണ് പോളിന് ലഭിക്കുന്നത്.

2023ൽ ഭീകരവാദപ്രവർത്തനങ്ങൾക്ക് എട്ടുവർഷത്തെ ജയിൽശിക്ഷ പോളിന് ലഭിക്കുകയായിരുന്നു. തുർക്കിയിൽ നിന്ന് നാടുകടത്തിയാണ് യുകെയിലെ ജയിലിൽ എത്തിയത്. 2014ലും 2015ലും നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങളിലെ പ്രതിയാണ് പോൾ. സിറിയയിൽ തലയറുത്ത് കൊല്ലപ്പെട്ട ബ്രിട്ടീഷ് ആക്‌ടിവിസ്റ്റ് ഡേവിഡ് ഹെയിൻസിന്റെ കൊലപാതകത്തിലും ഇയാൾ പങ്കാളിയാണ്. ഭീകരർ ജയിലിൽ സുഖജീവിതം നയിക്കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കമുള്ളവർ വിമർശനം ഉയർത്തുന്നുണ്ട്.