'ജോർജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും'; ഈ ആകാംക്ഷയാണ് ദൃശ്യത്തിന്റെ സവിശേഷതയെന്ന് മോഹൻലാൽ
മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ദൃശ്യം 3 ചിത്രത്തിന്റെ പൂജാ ചടങ്ങ് കഴിഞ്ഞു. എറണാകുളത്ത് പൂത്തോട്ട എസ്എൻ കോളേജിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ദൃശ്യം 3യുടെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് പ്ലാൻ. ആദ്യരണ്ടുഭാഗങ്ങൾ സ്വീകരിച്ച പ്രേക്ഷകർ ദൃശ്യം 3യും മനസിലേറ്റുമെന്ന പ്രതീക്ഷയിലാണെന്ന് മോഹൻലാൽ പറഞ്ഞു. പൂജാ ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസവും കൂടാതെ ഷൂട്ടിംഗ് നടക്കണം. ചിത്രം വലിയ ഹിറ്റായി മാറണം എന്നാണ് പ്രാർത്ഥിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ മൂന്നും മനസിലേറ്റി നടക്കട്ടെയെന്നാണ് പ്രാർത്ഥന. ഇതിന് ശേഷം ഡൽഹിയിലേക്ക് പോകും. ജോർജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട. ഈ ആകാംക്ഷയാണ് ദൃശ്യത്തിന്റെ സവിശേഷത. കഥ പറയല്ലേയെന്ന് സംവിധായകൻ പറഞ്ഞു. അതുകൊണ്ട് പറയാൻ പറ്റില്ല'- മോഹൻലാൽ പറഞ്ഞു.
2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തിയത്. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങി നിശബ്ദമായി എത്തിയ ചിത്രം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റായി മാറി. പിന്നീട് എട്ടുവർഷത്തിന് ശേഷം 2021ലാണ് ആമസോൺ പ്രൈമിലൂടെ രണ്ടാം ഭാഗം എത്തിയത്. മൂന്നാംഭാഗം മാർച്ചിൽ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.