ഗുജറാത്ത്   തീരത്ത്  ചരക്ക്   കപ്പലിന്  തീപിടിച്ചു, ആളപായമില്ല

Monday 22 September 2025 12:47 PM IST

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു.സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോവുകയായിരുന്ന കപ്പലിന് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തീ പിടിച്ചത്. ജാംനഗർ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹരിദാസൻ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ലെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

തീ അണച്ചതിനുശേഷം മാത്രമേ കപ്പലിൽ ഇനി ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമാകൂ. നിലവിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.തീപിടിച്ച ഉടൻ തന്നെ കപ്പൽ ഉൾക്കടലിലേക്ക് മാറ്റുകയായിരുന്നു. ഒരു കിലോ മീറ്റർ ഉള്ളിലേക്കാണ് കപ്പൽ നിലയുറപ്പിച്ചിരിക്കുന്നത്. അവിടെയാണ് രക്ഷാ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. 950 ടൺ അരിയും നൂറ് ടൺ പഞ്ചസാരയുമാണ് കപ്പലിലുണ്ടായിരുന്നത്. പഞ്ചസാരയും അരിയും ആയതിനാൽ അവ കടലിൽ കലർന്നാലും കുഴപ്പങ്ങളൊന്നും സംഭവിക്കില്ലെന്ന് അധികൃതർ അറിയിച്ചു.