നവരാത്രി വ്രതമെടുക്കുന്നവർ അറിയാൻ; മത്സ്യമാംസാദികൾ മാത്രം ഒഴിവാക്കിയാൽ പോര, ഇവയും കഴിക്കരുത്

Monday 22 September 2025 12:48 PM IST

ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കാനുള്ള വേളയാണ് നവരാത്രി കാലം. കന്നി മാസത്തിലെ അമാവാസിക്ക് ശേഷമുള്ള രണ്ടാഴ്‌ചയുടെ ആദ്യ ദിവസം മുതൽ നവമി വരെയുള്ള കാലയളവിലാണ് നവരാത്രി വ്രതം ആചരിക്കുന്നത്. ദേവിയുടെ പ്രീതിക്കായി നവരാത്രി വ്രതമെടുക്കുന്നത് വളരെ നല്ലതാണ്.

ഈ വർഷത്തെ നവരാത്രി വ്രതം സെപ്‌തംബർ 22 തിങ്കളാഴ്‌ചയാണ് (ഇന്ന്) ആരംഭിക്കേണ്ടത്. സാധാരണയായി നവരാത്രി സമയത്ത്, ആദ്യത്തെ മൂന്ന് ദിവസങ്ങൾ പാർവതീ ദേവിക്കും അടുത്ത മൂന്ന് ദിവസങ്ങൾ ലക്ഷ്‌മീ ദേവിക്കും അവസാന മൂന്ന് ദിവസങ്ങൾ സരസ്വതീ ദേവിക്കും സമർപ്പിക്കുന്നു. ദുർഗയെ ദുർഗാഷ്‌ടമിയിലും മഹാനവമിയിൽ ലക്ഷ്‌മിയെയും വിജയദശമിയിൽ സരസ്വതിയെയും ആരാധിക്കുന്നു. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നീ ദശാകാലങ്ങളുള്ളവർ നവരാത്രി വ്രതം അനുഷ്‌ടിക്കുന്നത് ദോഷങ്ങൾക്ക് പരിഹാരമാകും.

വിദ്യാർത്ഥികൾ മാത്രമല്ല ഏത് പ്രായത്തിലുള്ളവർക്കും ഈ വ്രതം അനുഷ്‌ടിക്കാവുന്നതാണ്. കേരളത്തിൽ സപ്‌തമി, അഷ്‌ടമി, നവമി എന്നീ ദിവസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഈ ദിനങ്ങളിൽ മാത്രമായി വ്രതം അനുഷ്‌ടിക്കുന്നവരുമുണ്ട്. നവമിതിഥി രണ്ട് ദിവസങ്ങളിലായി വരുന്നതിനാൽ ഈ വർഷം 11 ദിവസം നീണ്ടുനിൽക്കുന്ന വ്രതാചരണമാണുള്ളത്.

വ്രതം നോക്കുമ്പോൾ ദിവസവും വിളക്ക് കൊളുത്തുക. വിളക്കിൽ അഞ്ച് തിരിയിടുക. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, വടക്ക് - കിഴക്ക് എന്നീ ദിശകളിലാണ് തിരിയിടേണ്ടത്. വ്രതമെടുക്കുന്ന കാലയളവിൽ സൂര്യോദയത്തിന് മുമ്പേ കുളിച്ച് നിലവിളക്കിന് മുന്നിലിരുന്ന് ദേവീ സ്‌തുതികൾ ജപിക്കണം. ലളിതാസഹസ്രനാമം ജപിക്കുന്നത് അത്യുത്തമമാണ്. മത്സ്യമാംസാദികൾ വർജിക്കുക. അരിഭക്ഷണം ഒരു നേരമായി ചുരുക്കുക. ഭക്ഷണത്തിൽ മാത്രമല്ല, വാക്കിലും പ്രവ‌ൃത്തിയിലും ശുദ്ധിവേണം. വ്രതമെടുക്കുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.