തമ്പാനൂർ ഗായത്രി കൊലക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവ്, ഒരുലക്ഷം രൂപ പിഴ
തിരുവനന്തപുരം: തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശിനി ഗായത്രി (25)കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. ഒരുലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
2022 മാർച്ച് അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകളാണ് ഗായത്രി. തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ ജീവനക്കാരായിരുന്ന ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്. എന്നാൽ ഇക്കാര്യം പിന്നീട് ഗായത്രി അറിഞ്ഞുവെങ്കിലും മുൻ വിവാഹബന്ധം വേർപെടുത്താമെന്ന് പ്രവീൺ വാക്ക് നൽകിയിരുന്നു. തുടർന്ന് തലസ്ഥാനത്തെ ഒരു പള്ളിയിൽ വച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പ്രവീണിന്റെ ഭാര്യ ജുവലറിയിലെത്തി ബഹളം വച്ചിരുന്നു. തുടർന്ന് ഗായത്രിക്ക് ജോലി രാജിവയ്‌ക്കേണ്ടി വന്നു. എന്നാലും പ്രവീണുമായുള്ള ബന്ധം തുടർന്നിരുന്നു. ജുവലറിയിലെ ജോലി രാജിവച്ച ശേഷം വീരണകാവ് അരുവികുഴിയിലെ ജിമ്മിൽ ട്രെയിനറായിരുന്നു ഗായത്രി.
സംഭവദിവസം തമ്പാനൂരിലെ ഹോട്ടലിലേയ്ക്ക് ഗായത്രിയെ വിളിച്ചുവരുത്തിയതിനുശേഷം ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും പ്രതി നടത്തി. യുവതിയുടെ ഫോൺ കൈക്കലാക്കിയ പ്രവീൺ രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസാക്കി ഇട്ടു. പൊലീസിനെ വഴിതെറ്റിക്കാൻ വേണ്ടിയായിരുന്നു ഇത്. ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് വഴക്കുണ്ടായെന്നും തുടർന്ന് ഗായത്രി ആത്മഹത്യ ചെയ്തുവെന്ന് വരുത്താനുമായിരുന്നു ശ്രമം. എന്നാൽ ഇത് പൊളിഞ്ഞതോടെ ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.