ആഡംബര കാറിൽ ബൈപ്പാസിൽ കറങ്ങിനടന്ന് ലഹരി വിൽപന, പൊലീസിനെ കണ്ടതും ഇറങ്ങിയോടി, പിന്നെയുണ്ടായത്

Monday 22 September 2025 1:40 PM IST

കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപ്പാസ് റോഡിൽ ആഡംബര വാഹനം ഉപയോഗിച്ച് ലഹരി വില്പന നടത്തുന്നതിനിടയിൽ നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി കളതൊടി പുൽപറമ്പിൽ വീട്ടിൽ മുഹമ്മദ് വാഹിദിനെ (35) സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടി.

ഇയാളിൽ നിന്നും 2.52 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു . ലഹരി വില്പന നടത്തുന്നതിനിടെ പൊലീസിനെ കണ്ട വാഹിദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വൻതോതിൽ ലഹരി വിൽപന നടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് വാഹിദ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.