ഷാൻ വധക്കേസ്; പ്രതികളായ നാല് ആർഎസ്‌എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ആലപ്പുഴയിൽ എസ്‌ഡിപിഐ പ്രവർത്തകൻ ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്‌എസ് പ്രവർത്തകർക്ക് ജാമ്യം. നാല് പ്രതികൾക്കാണ് ജസ്റ്റിസ് ദീപങ്കർ ദത്തയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഇവരുടെ ജാമ്യം നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. അഭിമന്യു, അതുൽ, സനന്ദ്, വിഷ്‌ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കൂടുതൽ ജാമ്യവ്യവസ്ഥകൾ എന്തെങ്കിലും ആവശ്യമെങ്കിൽ കൂട്ടിച്ചേർക്കാൻ വിചാരണക്കോടതിക്ക് അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഷാൻ വധക്കേസിലെ ഒമ്പത് പ്രതികൾക്കും സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിക്കെതിരെ അതുൽ, അഭിമന്യു, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2021 ഡിസംബർ 18ന് ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ വച്ചാണ് എസ്‌ഡിപിഐ നേതാവായിരുന്ന കെഎസ് ഷാൻ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രൺജിത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിൽ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.