സിനിമയെ വെല്ലുന്ന രംഗങ്ങൾ; പൊലീസ് ജീപ്പിന് മുകളിൽ കയറി ബഹളം, യുവാവും പെൺകുട്ടിയും അറസ്റ്റിൽ
ജയ്പുർ: ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിന് മുകളിൽ കയറി ബഹളം വച്ച യുവാവും പെൺകുട്ടിയും അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിൽ സെപ്തംബർ 19നാണ് സംഭവം. റാംപുരയിൽ വച്ച് പൊലീസ് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവം നടക്കുന്ന സമയത്ത് 22കാരനായ യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെയും 17കാരിയായ പെൺകുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു.
പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് സിനിമാസ്റ്റൈലിൽ കമിതാക്കൾ പ്രതിരോധം തീർത്തത്. യുവാവ് കയറിയതിന് പിന്നാലെ പെൺകുട്ടിയും ജീപ്പിന്റെ മുകളിലേക്ക് കയറുകയായിരുന്നു. ആളും ബഹളവും കൂടിയതോടെ പലരും ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഏകദേശം പത്ത് മിനിട്ടോളം ഇവർ പൊലീസുകാരെയും വഴിയാത്രക്കാരെയും തടസ്സപ്പെടുത്തി ജീപ്പിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതുകാരണം പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. ഒടുവിൽ ഇരുവരെയും ബലം പ്രയോഗിച്ച് കീഴ്പ്പടുത്തിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വീഡിയോ വൈറലയാതോടെ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. യുവാക്കളുടെ ഇത്തരം പെരുമാറ്റങ്ങൾ പൊതുസുരക്ഷയെ അപകടത്തിലാക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.