അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരെ കുറ്റപ്പെടുത്തുന്ന പ്രചാരണം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: 265പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും പ്രതികരണം തേടി സുപ്രീം കോടതി. ദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ പിഴവാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ വളരെ ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കോടതി, വിഷയത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജൂലായിൽ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് വിവാദങ്ങൾക്ക് കാരണമായത്. പൈലറ്റുമാരായ ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും തമ്മിലുള്ള കോക്ക്‌പിറ്റിലെ സംഭാഷണവും റിപ്പോർട്ടിലുണ്ടായിരുന്നു. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണമാണ് ശബ്‌ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്‌തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്‌തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുന്നതുമാണ് ശബ്‌ദരേഖയിലുള്ളത്. ഇതാണ് ദുരന്തത്തിന് കാരണം പൈലറ്റുമാരുടെ പിഴവാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.
എന്നാൽ, ഈ റിപ്പോർട്ടിനെതിരെ സേഫ്‌റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ എന്ന വ്യോമയാന സുരക്ഷാ എൻജിഒ പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. പ്രാഥമിക റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ മറച്ചുവയ്‌ക്കുന്നുവെന്നും ഇത് പൗരന്മാരുടെ ജീവിക്കാനും, തുല്യതയ്‌ക്കും, സത്യസന്ധമായ വിവരങ്ങൾ അറിയാനുമുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇന്ധനം മാറ്റുന്നതിലെ തകരാറുകൾ, ഇലക്‌ട്രിക്കൽ തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങളെ റിപ്പോർട്ട് നിസാരവൽക്കരിക്കുകയും പൈലറ്റുമാരെ കുറ്റപ്പെടുത്തുകയും ചെയ‌്‌തുവെന്നും ഹർജിയിൽ വിമർശനമുണ്ട്.
അപകടം നടന്ന് 100 ദിവസത്തിലേറെയായിട്ടും ഒരു പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പുറത്തുവന്നതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്നോ എന്ത് മുൻകരുതലുകൾ എടുക്കണമെന്നോ അതിൽ പറയുന്നില്ല. ഇതിന്റെ ഫലമായി ബോയിംഗ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അപകടസാദ്ധ്യയിലാണെന്നും അദ്ദേഹം വാദിച്ചു. അപകടം അന്വേഷിക്കാൻ രൂപീകരിച്ച അഞ്ചംഗ സംഘത്തിൽ മൂന്നുപേർ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയിലെ ഉദ്യോഗസ്ഥരാണെന്നും ചോദ്യം ചെയ്യപ്പെടുന്ന അതേസ്ഥാപനത്തിലെ ജീവനക്കാർക്ക് എങ്ങനെ അന്വേഷണം നടത്താൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഹർജിക്കാരന്റെ ആവശ്യം മനസിലാകുന്നുവെന്നും ന്യായമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, എല്ലാ കണ്ടെത്തലുകളും പരസ്യമാക്കുന്നത് അന്വേഷണത്തെ ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തന്നെ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് വരാൻ പോകുന്നതെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തത് പ്രശാന്ത് ഭൂഷൺ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇവയെല്ലാം വളരെ ദൗർഭാഗ്യകരവും നിരുത്തരവാദപരവുമായ പ്രസ്താവനകളാണെന്ന് ജസ്റ്റിസ് കാന്ത് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ രഹസ്യസ്വഭാവം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കേന്ദ്രസർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സുപ്രീം കോടതി.