വൃദ്ധനെ  വാഹനമിടിച്ച്  കൊലപ്പെടുത്തിയ  കേസ്; പാറശാല എസ്‌എച്ച്‌ഒ അനിൽ കുമാറിന്റെ മുൻകൂ‌ർ ജാമ്യാപേക്ഷ തള്ളി

Monday 22 September 2025 5:41 PM IST

തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌‌‌ഒ സിഐ അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അപകടശേഷം കാർ നിറുത്താതെ അനിൽകുമാർ കടന്നുകളഞ്ഞിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് അനിൽകുമാറിനെ തിരിച്ചറിഞ്ഞത്. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയി എന്നീ കുറ്റങ്ങൾക്കാണ് അനിൽകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

കഴി‌ഞ്ഞ സെപ്തംബർ ഏഴാം തീയതിയാണ് അനിൽ കുമാറിന്റെ വാഹനമിടിച്ച് രാജൻ എന്നയാൾ മരിച്ചത്. സംഭവത്തിൽ അനിൽകുമാർ ആദ്യം കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനിൽകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവദിവസം മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽ കുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടശേഷം തെളിവ് നശിപ്പിക്കാനായി വർക്ക് ഷോപ്പിൽ കൊണ്ടിട്ടിരുന്ന കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ ആണ് അമിതവേഗതയിലെത്തിയ അനിൽകുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. അരമണിക്കൂറോളം രാജൻ ചോരവാർന്ന് വഴിയിൽ കിടന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.