വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം നിര്‍ത്താന്‍ റെയില്‍വേ; ഇനി ശ്രദ്ധ മറ്റൊരു മോഡലിലേക്ക്

Monday 22 September 2025 7:05 PM IST

ചെന്നൈ: ഇന്ത്യയില്‍ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചുകൊണ്ടായിരുന്നു വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലെത്തിയത്. 2019 ഫെബ്രുവരി 15ന് ന്യൂഡല്‍ഹി - വരാണസി റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സര്‍വീസ് നടത്തിയത്. ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് നൂറിനടുത്ത് ട്രെയിനുകളുണ്ട് ഇന്ത്യന്‍ റെയില്‍വേയുടെ കൈവശം വന്ദേഭാരത് സിറ്റിംഗ് വിഭാഗത്തില്‍. ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്താന്‍ റെയില്‍വേ ആലോചിക്കുന്നുവെന്നാണ്.

ഈ മാസം ആദ്യം കേരളത്തിലെത്തിയ 20 റേക്കുള്ള വന്ദേഭാരത് ട്രെയിന്‍ 90ാമത്തെ ആണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ച് ഇപ്പോള്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. അത് കണക്കിലെടുത്താണ് നൂറ് ട്രെയിനുകളാകുമ്പോള്‍ നിര്‍മാണം നിര്‍ത്താന്‍ ആലോചിക്കുന്നത്. 2025-26 വര്‍ഷം 200 വന്ദേഭാരത് ട്രെയിനുകളും 100 നോണ്‍ എസി അമൃത് ഭാരത് ട്രെയിനുകളും 2025-27 ല്‍ 50 വന്ദേ സ്ലീപ്പര്‍ എന്നിവ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍ ഓടുന്ന രണ്ട് ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക റൂട്ടുകളിലും വന്ദേഭാരത് സൂപ്പര്‍ഹിറ്റാണ്. പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ചില റൂട്ടുകളില്‍ ഒക്കുപ്പന്‍സി റേറ്റ് വളരെ കുറഞ്ഞ് നില്‍ക്കുന്നുമുണ്ട്. ഇവിടങ്ങളില്‍ സര്‍വീസ് വെട്ടിക്കുറയ്ക്കാനും നിര്‍ത്തലാക്കാനും മറ്റ് സ്റ്റേഷനുകളിലേക്ക് നീട്ടാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. വന്ദേഭാരത് സിറ്റിംഗ് എക്‌സ്പ്രസ് ട്രെയിനുകളുടെ നിര്‍മാണം മതിയാക്കിയ ശേഷം വന്ദേ സ്ലീപ്പര്‍, അമൃത് ഭാരത് ട്രെയിന്‍ എ്ന്നിവയിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

ശീതീകരിച്ച കോച്ചുകളാണ് വന്ദേഭാരതിനെങ്കില്‍ അമൃത് ഭാരത് 1, 2 പതിപ്പില്‍ എസി കോച്ചുകളില്ല. ജനറല്‍ കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും ഉണ്ട്. അമൃത് ഭാരത് 2.2. പതിപ്പും വരും. ഇതില്‍ എസി കോച്ചുകള്‍ കൂടി ഉണ്ടാകും എന്നതാണ് പ്രത്യേകത. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലുമാണ് നിര്‍മ്മാണം.വന്ദേ ശ്രേണിയില്‍ വന്ദേസ്ലീപ്പര്‍, വന്ദേ മെട്രോ (നമോ ഭാരത് ) എന്നിവയാണ് നിര്‍മ്മാണത്തിലുള്ളത്. വരും വര്‍ഷങ്ങളില്‍ ഈ മോഡലുകള്‍ കൂടുതലായി നിര്‍മിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.