കമണ്ഡലു വിളവെടുത്ത് വീട്ടമ്മ

Tuesday 23 September 2025 2:51 AM IST

ആറ്റിങ്ങൽ: കമണ്ഡലു മരത്തിന്റെ കായകൾ വിളവെടുത്ത് വീട്ടമ്മ. മൂന്ന് വർഷം മുമ്പ് വീടിനോട് ചേർന്ന സ്ഥലത്താണ് കമണ്ഡലുവിന്റെ തൈ നട്ടത്. മൂന്ന് വർക്ഷത്തിനുള്ളിൽ 3 തവണ കമണ്ഡലുകൾ ലഭിച്ചു. ഇക്കുറി 3 കമണ്ഡലുകൾ പാകമായി വരുന്നു. ആലംകോട് എൽ.പി സ്കൂളിന് സമീപം ഉഷസിൽ ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി ആറ്റിങ്ങൽ കൃഷ്ണൻകുട്ടിക്ക് ലഭിച്ച കമണ്ഡലു തൈയാണ് ഭാര്യ ഉഷ നട്ടുവളർത്തി വിളവെടുത്തത്. അപൂർവമായി കാണുന്ന കമണ്ഡലു സാധാരണ ക്ഷേത്രങ്ങളിലാണ് കണ്ടുവന്നിരുന്നതെന്നും വീടുകളിൽ വളർന്നിരുന്നില്ലെന്നും, വളർന്നാൽ തന്നെ കായ്പിടിക്കാറില്ലെന്നും ഉഷ പറയുന്നു. പണ്ടുകാലത്ത് മഹർഷിമാർ ജലവും കായ്കനികളും സൂക്ഷിച്ചിരുന്നത് കമണ്ഡലുവിലാണ്. പാകമായ കമണ്ഡലു ചെടിയിൽ നിന്ന് താനെ അടർന്ന‌ുവീഴും. ഫുട്ബാളിനേക്കാൾ വലിപ്പമുള്ള ഈ കായകളുടെ പുറന്തോടിന് ചിരട്ടയേക്കാൾ കട്ടിയുണ്ട്. അതിനാൽ താഴെ വീണാലോ ചവിട്ടിയാലോ പൊട്ടാറില്ല. നന്നായി ഉണങ്ങിയ കമണ്ഡലു ആവശ്യത്തിനനുസരിച്ച് മുറിച്ച് ഉൾവശങ്ങളിലെ മാംസളഭാഗങ്ങൾ നീക്കം ചെയ്ത ശേഷം വൃത്തിയാക്കി ഉപയോഗിക്കാം. ഇതിൽ ശേഖരിക്കുന്ന വെള്ളത്തിന് ഔഷധഗുണമേറെയാണെന്നാണ് വിശ്വാസം.