3,000 വർഷം പഴക്കമുള്ള ബ്രേസ്‌ലെറ്റ് മോഷ്ടിച്ച ശേഷം ഉരുക്കി വിറ്റു, പ്രതികളെ കുരുക്കിയതിങ്ങനെ
കെയ്റോ : ഫറവോയുടെ 3,000 വർഷം പഴക്കമുള്ള ബ്രേസ്‌ലെറ്റ് കെയ്‌റോയിലെ പ്രശസ്തമായ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി. മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു മ്യൂസിയമായ കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്നാണ് ബ്രേസ്‌ലെറ്റ് മോഷണം പോയത് . ഇറ്റലിയിലെ പ്രദർശനത്തിനായി പുരാവസ്തുക്കൾ കൊണ്ടുപോകാൻ തയ്യാറാക്കുന്നതിനിടെ സേഫിൽ നിന്ന് സെപ്റ്റംബർ 9 നാണ് ബ്രേസ്‌ലറ്റ് മോഷ്ടിക്കപ്പെട്ടത്. ബിസി 1,000 കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന അമെനെമോപ്പ് രാജാവിന്റെ കാലത്തേതാണ് ഈ ബ്രേസ്‌ലെറ്റ്. ഒരു റീസ്റ്റോറേഷൻ സ്‌പെഷ്യലിസ്റ്റ് മോഷ്ടിച്ച ബ്രേസ്‌ലറ്റ് അയാളൊരു സ്വർണ്ണാഭരണ വ്യാപാരിക്ക് 3,735 ഡോളറിന് വിൽക്കുകയായിരുന്നു, തുടർന്ന് അയാളത് 4,025 ഡോളറിന് ഒരു സ്വർണ പ്പണിക്കാരന് വിറ്റു, പിന്നീട് അതയാൾ സ്വർണ്ണത്തിനായി ഉരുക്കിയെന്ന് ടൂറിസം, പുരാവസ്തു മന്ത്രി ഷെരീഫ് ഫാത്തി പറഞ്ഞു.
അമെനെമോപ്പിന്റെ സ്വർണ്ണം പൂശിയ തടിയിൽ തീർത്ത ശവസംസ്കാര മുഖംമൂടി ഉൾപ്പെടെ 170,000-ത്തിലധികം പുരാവസ്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. മ്യൂസിയത്തിൽ നിന്ന് പുരാവസ്തു കാണാതായതിന് തൊട്ടുപിന്നാലെ, ഗോളാകൃതിയിലുള്ള ലാപിസ് ലാസുലി മുത്തുകൾ കൊണ്ട് അലങ്കരിച്ച ബ്രേസ്‌ലറ്റിന്റെ ചിത്രം, എല്ലാ ഈജിപ്ഷ്യൻ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും കര അതിർത്തി ക്രോസിംഗുകളിലേക്കും അയച്ചിരുന്നു.
ഒരു കടയുടമ ബ്രേസ്‌ലെറ്റ് സ്വീകരിക്കുന്നതും അത് തൂക്കിനോക്കുന്നതും തുടർന്ന് പണം നൽകുന്നതും കാണിക്കുന്ന സിസിടിവി വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ബ്രേസ്‌ലറ്റ് വിറ്റുകിട്ടിയ പണവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.