'കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള വഴി, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന തീരുമാനം', തുറന്ന കത്തുമായി മോദി
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങളുടെ നേട്ടങ്ങള്‍ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് നടപ്പിലായിരിക്കുന്ന ചരക്ക് സേവന നികുതി നിരവധി നേട്ടങ്ങള്‍ക്ക് ഒപ്പം അനവധി അവസരങ്ങള്‍ തുറന്നിടുന്ന ഒന്നാണെന്നും അദ്ദേഹം പറയുന്നു. സമൂഹമാദ്ധ്യമമായ എക്‌സിലാണ് അദ്ദേഹം തുറന്ന കത്തിലൂടെ ജിഎസ്ടി പരിഷ്‌കാരങ്ങളിലെ നേട്ടങ്ങള്‍ വിവരിക്കുന്നത്. പുതിയ സംവിധാനം രാജ്യത്തെ എല്ലാ വീടുകളിലും പുഞ്ചിരി നിറയ്ക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ എല്ലാ വീടുകളിലും സന്തോഷം നിറഞ്ഞിരിക്കുന്നു. ആഗ്രഹങ്ങള്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നു. ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും ബിസിനസുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനും ഉള്ള വഴിയാണ് തുറന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിപണികള്‍ മുതല്‍ വീടുകള്‍ വരെ, 'ജിഎസ്ടി ബചത് ഉത്സവ്' ആഘോഷത്തിന്റെ ആരവം സൃഷ്ടിച്ചിരിക്കുകയാണ്. ഒപ്പം ചെലവുകള്‍ കുറഞ്ഞത് ഓരോ വീട്ടിലും തിളക്കമാര്‍ന്ന പുഞ്ചിരിയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും പരസ്യവും പങ്കുവെച്ചാണ് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്. 'പരിഷ്‌കാരങ്ങള്‍ എല്ലാ മേഖലകളിലും സമ്പാദ്യം വര്‍ദ്ധിപ്പിക്കും. സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും. അതോടൊപ്പം പരിഷ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വിവിധ കടയുടമകളും വ്യാപാരികളും സ്ഥാപിക്കുന്നത് കാണുമ്പോള്‍ അത് തന്റെ മനസ്സിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു.
'ആദായനികുതി ഇളവുകളും ജിഎസ്ടി പരിഷ്‌കാരങ്ങളും സംയോജിപ്പിച്ചാല്‍, ജനങ്ങള്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യമുണ്ടാകും. ഇതിലൂടെ ഭവന നിര്‍മാണം, വാഹനം, വീട്ടുപകരണങ്ങള്‍ വാങ്ങല്‍ പോലുള്ള ആഗ്രഹങ്ങള്‍ നടക്കും. അതിലൂടെ വലിയ സന്തോഷമാകും കുടുംബങ്ങളില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.