മയ്യഴിയിലെ ഫ്രഞ്ച് വിപ്ളവസ്മാരകത്തിൽ കേടുപാട്
കേടുപാടുണ്ടായത് മയ്യഴിയുടെ അഭിമാനശില്പമായ 'മറിയനി'ൽ
മാഹി:ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാംവാർഷികത്തിൽ മയ്യഴി അഴിമുഖത്ത് സ്ഥാപിച്ച മനോഹരമായ മറിയൻ ശില്പത്തിൽ കേടുപാടുകൾ കണ്ടെത്തി. ശില്പത്തിന്റെ മുഖഭാഗമാണ് കുമിളകൾ രൂപപ്പെട്ടും അടർന്നും വികൃതമായിരിക്കുന്നത്. ടാഗോർ പാർക്കിലുള്ള ഫ്രഞ്ച് വാസ്തുവിദ്യയിൽ രൂപപ്പെടുത്തിയ ഈ ചരിത്രസ്മാരകം മയ്യഴിയുടെ അടയാള ശില്പങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
പാർക്കിന് നടുവിൽ വിസ്താരമേറിയ തറയിൽ എട്ടടിയിലേറെ ഉയരത്തിൽ സ്തൂപത്തിന് മുകളിലാണ് 136 വർഷം പഴക്കമുള്ള ഈ അർദ്ധകായ ശില്പമുള്ളത്. ഫ്രഞ്ച് വിപ്ളവം പൊട്ടിപ്പുറപ്പെട്ട ബാസ്റ്റിൻദിനമായ ജൂലായ് 14നും ഫ്രഞ്ച് യുദ്ധവിരാമദിനമായ നവംബർ 11നും ഫ്രഞ്ച് ദേശീയഗാനമായ മാർ സേയ്സും ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച് ഇരു രാഷ്ട്രങ്ങളുടേയും പതാകകളെ സല്യൂട്ട് ചെയ്തതിന് ശേഷം മറിയന്ന് പ്രതിമയിൽ പുഷ്പമാല്യം ചാർത്തുകയും ചെയ്യുന്ന പതിവുണ്ട്. ഫ്രഞ്ച് ശില്പികളായ ഷാർലെ ഗൊത്തിയോയും ഴാക്ക് ഫ്രാൻസും ഫ്രാൻസിൽ വച്ച് നിർമ്മിച്ച ഈ ദേവതാപ്രതിമ കപ്പൽ വഴി എത്തിച്ചാണ് മയ്യഴി അഴിമുഖത്ത് സ്ഥാപിച്ചത് 1889ലാണ്. പിന്നീട് ഈ ഭാഗത്ത് സ്ഥാപിക്കപ്പെട്ട ടാഗോർ പാർക്കിന്റെ പ്രധാന ആകർഷണമായി ശില്പം മാറുകയായിരുന്നു. പ്രതിമയിൽ റോമാക്കാരുടെ സ്വാതന്ത്ര്യ ചിഹ്നമായ ഫ്രീജിയൻ തൊപ്പിയും ശാന്തിയുടെ അടയാളമായ ഓക്ക് ഒലീവ് ഇലകൾ കൊണ്ടുള്ള മാലയും അണിയിച്ചിട്ടുണ്ട്.വിവിധ ലോഹങ്ങളുടെ കൂട്ടിലാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
പ്രതിമയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട കുമിളകൾ ഏതെങ്കിലും രാസപ്രവർത്തനത്തിന്റെ ഭാഗമായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
രണ്ടുതവണ പുതുക്കിപ്പണിതു മാഹിയിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിനിടെ ഒരിക്കൽ മരിയൻ പ്രതിമ മയ്യഴി പുഴയിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. വർഷങ്ങൾക്കു മുമ്പ് മാനസികാസ്ഥ്യം അനുഭവപ്പെട്ട ഒരാൾ പ്രതിമയുടെ തല തല്ലിപ്പൊട്ടിച്ച് മയ്യഴി പുഴയിലേക്ക് എറിഞ്ഞിട്ടുമുണ്ട്. രണ്ട് തവണയും മയ്യഴി ഭരണകൂടം പുഴയിൽ നിന്ന് പുറത്തെടുത്ത് പ്രതിമ പുന:സ്ഥാപിക്കുകയായിരുന്നു.
കണ്ണുതട്ടാതിരിക്കാൻ ഫ്രഞ്ചുകാരുടെ 'രക്ഷ"
കണ്ണു തട്ടാതിരിക്കാൻ ഫ്രഞ്ചുകാർ രക്ഷ കെട്ടിയ കഥയും മരിയൻ പ്രതിമയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ഇതിഹാസ കഥകളിലെ മെഡൂസയുടെ തലയാണ് പ്രതിമയോട് ചേർത്ത് കെട്ടിയിട്ടുളളത്.തലമുടി പാമ്പുകളായി ഇഴയുന്ന തരത്തിലാണ് മെഡൂസയുടെ രൂപം. പ്രതിമയും തറയിൽ ഉറപ്പിച്ച് വച്ച ചതുര സ്തംഭവും കൂടിച്ചേരുന്നിടത്താണ് ഉറുക്ക് കെട്ടുന്നതിന് സമാനമായി സ്തംഭത്തിന്റെ നാല് ഭാഗത്തും മെഡൂസയുടെ രൂപം കൊത്തി വച്ചിട്ടുളളത്. കണ്ണേറു തട്ടാതിരിക്കാൻ രൂപങ്ങളും ചിത്രങ്ങളും വെയ്ക്കുന്ന മലയാളിപതിവിന്റെ ഫ്രഞ്ച് പകർപ്പാണ് മെഡൂസ.
വികൃതമായ നിലയിൽ മരിയന്ന് പ്രതിമയുടെ മുഖഭാഗം