' അവളുടെ സ്വപ്നങ്ങൾ വളരെ വലുതാണ് ' അഞ്ചു കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഒരു വർഷവും രണ്ടു മാസവും നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്തുന്നതിന് അഞ്ചു കോടി രൂപ ജീവനാംശം ആവശ്യപ്പട്ട യുവതിയ്ക്കെതിരെ സുപ്രീം കോടതി. ആവശ്യത്തിൽ ഉറച്ചുനിന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല അദ്ധ്യക്ഷനായ ബെഞ്ച് യുവതിക്ക് മുന്നറിയിപ്പ് നൽകി.
ആമസോൺ കമ്പനിയിൽ എഞ്ചിനിയറാണ് യുവതിയുടെ ഭർത്താവ്. ജീവനാംശമായി 35 ലക്ഷം രൂപ നൽകാമെന്ന് ഭർത്താവ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഭാര്യ അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഭർത്താവിന്റെ അഭിഭാഷകന്റെ വാദങ്ങൾ ഭാര്യയുടെ അഭിഭാഷകൻ എതിർക്കുകയും ആവശ്യപ്പെട്ട അഞ്ചു കോടിയിൽ നിന്ന് തുക കുറച്ചതായി പറയുകയും ചെയ്തിരുന്നു. ജസ്റ്റിസ് പർദിവാല ഭർത്താവിന്റെ അഭിഭാഷകനോട് 'അവളെ തിരികെ വിളിക്കുന്നത് നിങ്ങൾ മണ്ടത്തരം കാണിക്കുന്നതിന് തുല്യമാണ്, നിങ്ങൾക്ക് അവളെ നിലനിർത്താൻ കഴിയില്ല കാരണം അവളുടെ സ്വപ്നങ്ങൾ വളരെ വലുതാണ്.' എന്ന് ചൂണ്ടിക്കാണിച്ചു. അഞ്ചു കോടി രൂപയുടെ ആവശ്യം യുക്തിരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം നിലപാട് ശരിയല്ലെന്നും പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വിവാഹമോചനക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. വേർപിരിഞ്ഞ ദമ്പതികളോട് ഒത്തുതീർപ്പ് ചർച്ചകൾക്ക് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ നിലപാടിൽ മാറ്റമില്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെടാത്ത ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. ഭാര്യ ന്യായമായ രീതിയിൽ മുന്നോട്ട് പോകുകയും കേസ് വളരെ പെട്ടന്ന് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.
ഒക്ടോബർ അഞ്ചിന് കോടതി ഇരു കക്ഷികളോടും സുപ്രീം കോടതിയിലെ മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. മദ്ധ്യസ്ഥ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വിഷയം വീണ്ടും പരിഗണിക്കുക.