55 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്; കണ്ണൂരിൽ കുടുംബശ്രീക്ക് അഭിമാനനേട്ടം

Monday 22 September 2025 9:28 PM IST

കണ്ണൂർ: മികച്ച സേവനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ 55 സി.ഡി.എസുകൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു.കാര്യക്ഷമമായ നടത്തിപ്പ്, ഗുണ നിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ- ഭിന്നശേഷി-വയോജന സൗഹൃദ സേവന സംവിധാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ നേട്ടം.

കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തിൽ ലഭിക്കുന്ന വിധത്തിലാണ് സി.ഡി.എസ് ഓഫീസുകളുടെ സജ്ജീകരണം. ഇതിനായി ഫ്രണ്ട് ഓഫീസ്, ഹെൽപ്പ് ഡെസ്‌ക് സൗകര്യങ്ങൾ, രേഖകളുടെ പരിപാലനം, സി ഡി.എസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗുണമേന്മ നയ രൂപീകരണം എന്നിവയിൽ വലിയ കാര്യക്ഷമതയാണ് കൈവരിച്ചിരിക്കുന്നത്. അക്കൗണ്ടിംഗ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് വർഷത്തിൽ രണ്ട് തവണ ഇന്റേണൽ ഓഡിറ്റും നടത്തിവരുന്നുണ്ട്. ഇതിന് പുറമെ ഓരോ വർഷവും സർവലൻസ് ഓഡിറ്റ് നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. ഇത്തരത്തിലാണ് ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്ര ആയ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ സി.ഡി.എസുകൾക്ക് ലഭിച്ചത്.

കുടുംബശ്രീ അംഗങ്ങളെ സ്വയംപര്യാപ്തരാക്കുക, യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുക തുടങ്ങി കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനങ്ങളാണ് സി.ഡി.എസുകൾ നടപ്പിലാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പിന്തുണയോടെ വിവിധ പദ്ധതികൾ കാര്യക്ഷമതയോടെ നടത്തുവാൻ കുടുംബശ്രീ സി ഡി.എസുകൾ നടത്തുന്ന പ്രവർത്തനങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്. ഈ സി.ഡി.എസുകളിൽ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റവും (ക്യൂ.എം.എസ്) നടപ്പിലാക്കിയിട്ടുണ്ട്. ഐ.എസ്.ഒ സർട്ടിഫിറ്റ് നേടുന്നതിനുള്ള കൺസൾട്ടസിയായി കിലയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ സി.ഡി.എസുകൾ

എഴോം, മാട്ടൂൽ, കല്ല്യാശ്ശേരി, നാറാത്ത്, ചെറുതാഴം, ചെറുകുന്ന്, തലശ്ശേരി, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, ധർമടം, പിണറായി, വെങ്ങാട്, കൂത്തുപറമ്പ്, കോട്ടയം, തൃപ്പങ്ങോട്ടൂർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ്, പാട്ട്യം, ഇരിട്ടി, അയ്യങ്കുന്ന്, പായം, മട്ടന്നൂർ, തില്ലങ്കേരി, കൂടാളി, ആറളം, കീഴല്ലൂർ, കണ്ണൂർ, പാപ്പിനിശ്ശേരി, അഴിക്കോട്, വളപട്ടണം, ചെമ്പിലോട്, പേരാളശ്ശേരി, കൊളച്ചേരി, മുണ്ടേരി, ചൊക്ലി, പന്ന്യന്നൂർ, കതിരൂർ, മൊകേരി, പേരാവൂർ, കൊളയാട്, മാലൂർ, കുറ്റിയാട്ടൂർ, ഉളിക്കൽ, പടിയൂർ, പയ്യാവൂർ, മയ്യിൽ, ചെറുപുഴ, രാമന്തളി, കാങ്കോൽ, കരിവെള്ളൂർ, ചപ്പാരപടവ്, ഉദയഗിരി, ആലക്കോട്, ആന്തൂർ, കുറുമാത്തൂർ, തളിപ്പറമ്പ, നടുവിൽ, ശ്രീകണ്ഠാപുരം.

ഐ.എസ്.ഒ 9001-2015

സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതുവഴി സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും വിഭവങ്ങൾ കാര്യക്ഷമതയോടെ ഉപയോഗിച്ച് ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കഴിയും. വയനാട് വെങ്ങപ്പള്ളി സി.ഡി.എസിനാണ് സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒാ സർട്ടിഫിക്കേഷൻ അംഗീകാരം ലഭിച്ചത്. വർഷമാണ് ഒരു സർട്ടിഫിക്കേഷന്റെ കാലാവധി.