ട്രെയിനിലെ വാതിൽപ്പടി യാത്രക്കാരന്റെ മൊബൈൽ തട്ടിയെടുത്ത പ്രതികൾ കസ്റ്റഡിയിൽ

Tuesday 23 September 2025 1:32 AM IST

കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് സഞ്ചരിച്ച യാത്രക്കാരന്റെ മൊബൈൽഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കവർച്ചാ സംഘത്തിൽപ്പെട്ട കടവന്ത്ര ഉദയാനഗറിൽ താമസിക്കുന്ന അമ്പലമേട് സ്വദേശി അരുൺ (32), മൊബൈൽഫോൺ വാങ്ങിയ തോപ്പുംപടി സ്വദേശി സലാഹുദ്ദീൻ (25) എന്നിവരാണ് എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. കവർച്ചാസംഘത്തലവൻ ഉൾപ്പെടെ മൂന്നു പേർക്കായി തെരച്ചിൽ തുടരുന്നു.

മലപ്പുറം സ്വദേശി അനസ് ഇബനു നാസറിന്റെ 80,000രൂപ വിലപിടിപ്പുള്ള ഐ ഫോണാണ് തട്ടിയെടുത്തത്. കഴിഞ്ഞ 19ന് രാത്രി 8.25ന് ഓഖെ എക്സ്‌പ്രസിന്റെ മുന്നിലെ ജനറൽ കോച്ചിലായിരുന്നു സംഭവം. എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന അനസ് ഫോണുമായി വാതിൽപ്പടിയിൽ ഇരുന്നാണ് സഞ്ചരിച്ചത്. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം മേൽപ്പാലം പിന്നിടുന്നതിനിടെയാണ് ട്രാക്കിന് സമീപംനിന്ന മോഷ്ടാവ് ഫോൺ വടികൊണ്ട് അടിച്ചിട്ടത്. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾ മൊബൈലുമായി കടന്നു.

കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം ഷോപ്പ് നടത്തുന്ന സലാഹുദ്ദീൻ മോഷണ മുതലാണെന്ന് അറിവോടെയാണ് മൊബൈൽ വാങ്ങിയത്. ടവർലൊക്കേഷനും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.