പൊലീസ് ഇൻസ്പെക്ടറുടെ പേരിൽ ‘ഓണപ്പിരിവ്’; പ്രതി അറസ്റ്റിൽ
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്ന വ്യാജേന ഓണാഘോഷത്തിന് പലരിൽനിന്നും പണംപിരിച്ച കുറ്റവാളിയെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം പൂഞ്ഞാർ മണിയംകുന്ന് കിടങ്ങത്ത് കരോട്ടിൽവീട്ടിൽ സിജോ ജോസഫാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം എസ്.ആർ.എം റോഡിലെ തിരുമൽ കേന്ദ്രം നടത്തിപ്പുകാരിയായ യുവതിയിൽനിന്ന് 11,000രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നോർത്ത് സ്റ്റേഷനിലെ ഓണാഘോഷത്തിനെന്ന് പറഞ്ഞ് മൊബൈൽഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എന്ന വ്യജേനയാണ് വിളിച്ചതും പണം ആവശ്യപ്പെട്ടതും. സെപ്തംബർ ഒന്നിന് 6000രൂപ യുവതി ഗൂഗിൾപേ ചെയ്തെങ്കിലും 20,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി. സെപ്തംബർ 2ന് 5000 രൂപ കൂടി നൽകിയെങ്കിലും ഇയാൾ വഴങ്ങിയില്ല. ബാക്കി പണം തന്നില്ലെങ്കിൽ സ്ഥാപനം പൂട്ടാൻ പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഭയപ്പെട്ട യുവതി ഒരാഴ്ചത്തേക്ക് സ്ഥാപനം പൂട്ടിയിട്ടിരുന്നു.
രണ്ടാമത് പണംവാങ്ങാൻ പ്രതി നേരിട്ടാണ് തിരുമൽ കേന്ദ്രത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ പണം വാങ്ങാൻ അയച്ച ആളെന്ന വ്യാജേനയായിരുന്നു ഇത്.
യുവതി ഗൂഗിൾപേ ചെയ്ത പ്രതിയുടെ ഫോൺനമ്പർ തിരിച്ചറിഞ്ഞ് പൊലീസ് നടത്തിയ വിദഗ്ദ്ധ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ സിജോ ഇടക്കാലത്ത് ഒരു പാർട്ടിയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും.