വീട്ടുമുറ്റത്തെ പൈപ്പിൽ കുടുങ്ങി പെരുമ്പാമ്പ്
തലശ്ശേരി: കോടിയേരി ഇല്ലത്ത് താഴയിൽ വീട്ടുമുറ്റത്തെ പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി.ഇല്ലത്ത് താഴ കനാൽ പരിസരത്തുള്ള ദേവീകൃപയിൽ പ്രേമന്റെ വീടിന് പിന്നിലെ പൈപ്പിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. രാവിലെ പ്രേമന്റെ ഭാര്യ സിന്ധുവാണ് പാമ്പിനെ കണ്ടത്. അകത്തേക്കോ പുറത്തേക്കോ പോകാനാകാതെ കുടുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്.സിന്ധുവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വന്യജീവി സംരക്ഷണ സംഘടന മാർക്ക് പ്രവർത്തകനായ ബിജിലേഷ് കോടിയേരിയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബിജിലേഷ് ആദ്യം പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഏറെ പരിശ്രമിച്ച് വളരെ സൂക്ഷ്മതയോടെ പൈപ്പ് മുറിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. പിന്നാലെ പെരുമ്പാമ്പിനെ ആവാസവ്യവസ്ഥയിൽ തിരിച്ചുവിട്ടു. വീട്ടുപരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പൈപ്പുകൾ പോലുള്ള വസ്തുക്കൾ അലക്ഷ്യമായി ഇടരുതെന്നും ബിജിലേഷ് കോടിയേരി മുന്നറിയിപ്പ് നൽകി.