മടവൂർ - പള്ളിക്കൽ ഭാഗത്ത് സന്ധ്യ കഴിഞ്ഞാൽ ബസില്ല നാട്ടുകാർക്ക് ദുരിതം മാത്രം

Tuesday 23 September 2025 1:56 AM IST

കിളിമാനൂർ: സന്ധ്യ കഴിഞ്ഞാൽ മടവൂർ - പള്ളിക്കൽ ഭാഗത്ത് ബസില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കിളിമാനൂരിൽ യാത്രക്കാരേറെയുള്ള മടവൂർ-പള്ളിക്കൽ ഭാഗത്തേക്കാണ് രാത്രി 7.50 കഴിഞ്ഞാൽ ബസുകളില്ലാത്തത്. നേരത്തെ രാത്രി 9ന് സ്റ്റേ സർവീസുണ്ടായിരുന്നെങ്കിലും ഡിപ്പോ അധികൃതർ സർവീസ് അവസാനിപ്പിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. ഹോട്ടൽ തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരുമടക്കം സാധാരണക്കാരാണ് രാത്രി ബസില്ലാത്തതിന്റെ ദുരന്തമേറെയും ഏറ്റുവാങ്ങുന്നത്. സ്വന്തമായി വാഹനമില്ലാത്തവരും ദിവസവേതനക്കാരുമാണ് ഇതിലേറെയും. വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചതോടെ തിരുവനന്തപുരത്ത് നിന്നുള്ള ബസുകൾ പലവഴിക്ക് കറങ്ങിത്തിരിഞ്ഞ് കിളിമാനൂർ എത്തുമ്പോഴേക്കും 7.30നുള്ള അവസാന വണ്ടിയും പോയിട്ടുണ്ടാകും.പിന്നീട് 200-300 രൂപ കൊടുത്ത് ഓട്ടോ പിടിക്കാനേ നിവൃത്തിയുള്ളൂ. സ്റ്റേ സർവീസുകളോ,രാത്രിയിൽ ആശ്രയമാവുംവിധം കണക്ഷൻ സർവീസോ അനുവദിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയർന്നിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല.

സർവീസ് നിറുത്താൻ

ഉത്തരവിട്ടു

രാത്രി 8.20,10 എന്നീ സമയങ്ങളിൽ കിളിമാനൂരിൽ നിന്ന് പള്ളിക്കൽ, പകൽക്കുറി പ്രദേശങ്ങളിലേക്ക് സ്റ്റേ സർവീസുണ്ടായിരുന്നു. പുലർച്ചെ 5ന് പകൽക്കുറിയിൽ നിന്ന് കിളിമാനൂരിലേക്ക് പുറപ്പെടുന്ന ഈ ബസ് മെഡിക്കൽ കോളേജിലേക്കുള്ള രോഗികൾക്കടക്കം ഏറെ ആശ്വാസമായിരുന്നു. രാത്രി സ്റ്റേ സർവീസായി പകൽക്കുറിയിൽ അവസാനിക്കുകയും ചെയ്തിരുന്നു. നിറയെ യാത്രക്കാരുമായാണ് ഇവ ഓടിയിരുന്നത്. എന്നാൽ ഡിപ്പോയിൽ ഉന്നത അധികാരികൾ മിന്നൽ പരിശോധന നടത്തുകയും കളക്ഷൻ കുറവിന്റെ പേരിൽ ഡിപ്പോ ആരംഭിച്ചപ്പോൾ മുതലുള്ള ഈ സർവീസ് എന്നന്നേക്കുമായി നിറുത്താൻ ഉത്തരവിടുകയും ചെയ്തതോടെയാണ് പ്രദേശവാസികളുടെ ദുർഗതിക്ക് തുടക്കമായത്.

സർവീസ് അവസാനിപ്പിച്ചു

പിന്നീട് ആറ്റിങ്ങൽ, വർക്കല എം.എൽ.എമാർ ഇടപെടുകയും വിഷയത്തിൽ ജനകീയ പ്രതിഷേധമുയരുകയും ചെയ്തതോടെ സമയം പുനഃക്രമീകരിച്ച് രാത്രി 9ന് കിളിമാനൂരിൽ നിന്ന് അവസാന വണ്ടിയായി പുറപ്പെടുംവിധം സർവീസ് പുനഃരാരംഭിച്ചു. സാമാന്യം മെച്ചപ്പെട്ട കളക്ഷൻ കിട്ടിത്തുടങ്ങിയ വേളയിലാണ് കൊവിഡെത്തുന്നതും ബസ് സർവീസുകൾ നിലയ്ക്കുന്നതും.നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ മറ്റ് സർവീസുകൾ സാധാരണ നിലയിലായിട്ടും പള്ളിക്കൽ-പകൽക്കുറി സ്റ്റേ സർവീസ് അധികൃതർ അവസാനിപ്പിച്ചു.കൊവിഡ് കാലമായതിനാൽ കാര്യമായ പ്രതിഷേധമുയരാത്തതും അധികൃതർക്ക് സൗകര്യമായി.

യാത്രക്ലേശം കൂടുതൽ രൂക്ഷമാവുകയും യാത്രക്കാർ രാത്രികാലങ്ങളിൽ വലിയ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ രാത്രി 8.30ന് ശേഷം ഡിപ്പോയിൽ നിന്ന് പള്ളിക്കൽ ഭാഗത്തേക്ക് സർവീസ് പുനഃരാരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

തിരുവനന്തപുരത്തു നിന്ന് ചാത്തന്നൂരിലേക്കോ കൊല്ലത്തേക്കോ പോകുന്ന ബസിന്റെ അവസാന ട്രിപ്പ് എം.സി റോഡ് വഴിയാക്കുകയും കിളിമാനൂർ-പോങ്ങനാട്-പള്ളിക്കൽ പാരിപ്പള്ളി വഴിയാക്കിയാലും യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന മറ്റൊരു നിർദ്ദേശവുമുണ്ട്