കൊലക്കേസ് പ്രതി 31വർഷത്തിന് ശേഷം പിടിയിൽ
ആലപ്പുഴ: ചെറിയനാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി 31വർഷത്തിന് ശേഷം പൊലീസിന്റെ വലയിലായി. ചെറിയനാട് അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെയാണ് (57) ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. പ്രതി ഇപ്പോൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഭാഗത്തുള്ള ഇന്ദീവരം വീടിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. 1994 നവംബർ 15ന് ചെറിയനാട് അരിയന്നൂർശ്ശേരിയിൽ കുട്ടപ്പപ്പണിക്കരെ (71) മദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടപ്പപ്പണിക്കർ മരിച്ചത്. സംഭവ ശേഷം മുംബെയ്‌ക്ക് പോയ പ്രതി, വൃദ്ധൻ മരിച്ചതറിഞ്ഞ് സൗദിയിലെ ജോലി സ്ഥലത്തേക്ക് കടന്നുകളഞ്ഞു. 1997ഏപ്രിലിൽ ചെങ്ങന്നൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും നിരവധി തവണ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും പ്രതി ഒളിവിൽ തുടർന്നു. 1999ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി. എം.കെ.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ ഇൻസ്പെക്ടർ വിപിൻ എ.സിയുടെ നേതൃത്വത്തിൽ എസ്.ഐ എസ്. പ്രദീപ് , സി.പി.ഒ. മാരായ ബിജോഷ് കുമാർ, വിബിൻ കെ. ദാസ് എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിച്ചുവരികയായിരുന്നു.
സംഭവത്തിനു ശേഷം പ്രതിയുടെ സഹോദരിയും സഹോദരനും വീടും വസ്തുവും വിറ്റ് വിവിധ സ്ഥലങ്ങളിലേക്ക് മാറിപ്പോയിരുന്നു. അന്വേഷണസംഘം പ്രതിയുടെ സഹോദരി താമസിക്കുന്ന കാഞ്ഞങ്ങാടും, ജ്യേഷ്ഠൻ താമസിക്കുന്ന പൂനെയിലും അന്വേഷണം നടത്തുകയും ഇയാൾ ഗൾഫിലാണെന്നും ചെന്നിത്തല കാരാഴ്മ ഭാഗത്ത് നിന്ന് വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തെ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ അഭിനന്ദിച്ചു.
പ്രതിയെ റിമാൻഡ് ചെയ്തു.