കേന്ദ്രസംഘത്തിന്റെ സന്ദർശനം പ്രതീക്ഷയോടെ കുട്ടനാട്

Tuesday 23 September 2025 11:38 PM IST

ആലപ്പുഴ: നെൽകർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ദ്ധസംഘം നാളെ കുട്ടനാട് സന്ദർശിക്കാനിരിക്കെ പ്രതീക്ഷയോടെ കർഷകർ.സമുദ്രനിരപ്പിൽ നിന്ന് താഴെയുള്ള നെൽകൃഷിയിലൂടെ പ്രത്യേക ഭൗമ സൂചികാപദവിനേടിയ നാടെന്ന നിലയിൽ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് ഉപജീവനമായ കൃഷി നിലനിർത്തുന്നതിനും നാടിന്റെ വികസനത്തിനും ആവശ്യമായ പദ്ധതികൾ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.

വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ഗതാഗതയോഗ്യമായ റോഡുകളുടെ അഭാവമാണ് കൃഷിക്കും വികസനത്തിനും ഒരുപോലെ തടസമായി നിൽക്കുന്നത്.

ഇക്കാര്യത്താൽ ജനങ്ങൾ നാടുപേക്ഷിച്ചുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും കൃഷിയിലൂടെയും ടൂറിസത്തിലൂടെയും നാടിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നിർദേശങ്ങൾ കർഷകരും കർഷകസംഘടനകളും കേന്ദ്ര സംഘത്തിന് മുന്നിൽ ഉന്നയിക്കും.

രാവിലെ മങ്കൊമ്പിൽ നിന്നാണ് സംഘത്തിന്റെ സന്ദർശനം ആരംഭിക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകരും കർഷക സംഘടനാപ്രതിനിധികളും കൃഷി ഓഫീസർമാരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് തിരുവല്ലയിലെ പെരിങ്ങരയിലെത്തുന്ന സംഘം വൈകിട്ട് 5 മണിയോടെ പള്ളിപ്പാട് കരിപ്പുഴയിൽ സന്ദർശനം പൂർത്തിയാക്കും.

കായൽമാല ട്രാക്ടർറോഡ് ചർച്ചയാകും

1. കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും ദേശീയ പാതയും എം.സി റോഡുമായി ബന്ധിപ്പിക്കും വിധം കായൽമാല ട്രാക്ടർ റോഡാണ് നിർദ്ദേശങ്ങളിൽ പ്രധാനം. പാടങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കുക വഴി വിളവെടുപ്പിലെ കൈകാര്യ ചെലവ് കുറയ്ക്കാമെന്ന് കർഷകർ കരുതുന്നു

2. മുട്ടാർ,രാമങ്കരി,നെടുമുടി,ചമ്പക്കുളം,കൈനകരി,പുളിങ്കുന്ന്,കാവാലം,നീലമ്പേരൂർ, തിരുവാർപ്പ്, കുമരകം പ്രദേശങ്ങൾക്ക് കായൽ മാല റോഡ് പദ്ധതി വലിയ പ്രയോജനം ചെയ്യും.ബണ്ടുകൾ റോഡുകളായി ഉയരുന്നതോടെ കാലവർഷത്തിലും കിഴക്കൻ വെള്ളത്തിന്റെ വരവിലുമുള്ള കൃശിനാശവും ഒഴിവാക്കാം

3.മോട്ടോർ പുരകളുടെയും ഓരുമുട്ടുകളുടെയും ശോച്യാവസ്ഥയാണ് മറ്രൊരുപ്രശ്നം. വെള്ളപ്പൊക്കത്തെ അതിജീവിക്കാനാകുന്ന മേന്മയേറിയ വിത്തുകളുടെ ലഭ്യതയും രോഗകീടബാധ നിയന്ത്രിക്കുന്നതിനുള്ള നൂതന ഗവേഷണങ്ങളും ചർച്ചാവിഷയമാകും

4.നെല്ലിന്റെ സംഭരണ വില യഥാസമയം കിട്ടാത്തതും പമ്പിംഗ് സബ്സിഡി കുടിശികയും ഉൽപ്പാദനചെലവിന് ആനുപാതികമായി കേരളത്തിൽ നെൽ വില ലഭിക്കാത്തതുമെല്ലാം കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് വിവിധ കർഷക സംഘടനകളുടെ തീരുമാനം