ആഗോള അയ്യപ്പസംഗമം ലക്ഷ്യം നേടി : ദേവസ്വംബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ ദേവസ്വംബോർഡ് ലക്ഷ്യം നേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമല മാസ്റ്റർപ്ളാൻ, ഭക്തജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് അഭിപ്രായവും നിർദ്ദേശങ്ങളും സ്വരൂപിക്കാനായത് സംഗമത്തിന്റെ വിജയമാണെന്നും പി.എസ് പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു. മാസ്റ്റർപ്ളാൻ ആദ്യമായാണ് ഒരു വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്. വിദേശത്തെയും ഇന്ത്യയിലെയും അയ്യപ്പഭക്തർക്ക് പ്ളാനിൽ പങ്കാളികളാകാനുള്ള അവസരമാണിത്. അദ്ദേഹം പറഞ്ഞു.
അയ്യപ്പസംഗമം പരാജയപ്പെടുമെന്ന് വരുത്തിത്തീർക്കാൻ രണ്ടാഴ്ച മുൻപേ ആസൂത്രിത ശ്രമം നടക്കുന്നുണ്ടായിരുന്നു. 4126 പേരാണ് അയ്യപ്പസംഗമത്തിന് ഒത്തുകൂടിയത്. ഉദ്ഘാടനശേഷം പന്ത്രണ്ടരയോടെ മൂന്ന് പന്തലുകളിലായി മൂന്ന് സെഷനുകളിലായിട്ടാണ് ചർച്ചകൾ നടന്നത്. ഈ സമയം സ്വാഭാവികമായും പ്രധാനപന്തലിൽ ആളുകൾ കുറയും.അപ്പോഴത്തെ പ്രധാനപന്തലിന്റെ ചിത്രം ഉപയോഗിച്ചാണ് അയ്യപ്പസംഗമത്തിൽ ആളില്ലാ കസേരകളെന്ന വ്യാപകപ്രചാരണം നടത്തിയതെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.